തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും സെമിനാർ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂമാൻ കോളേജ് അങ്കണത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം റബ്ബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് നിർവ്വഹിക്കും. സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി. ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ എച്ച് .ദിനേശൻ പങ്കെടുക്കും.

നാളികേര കർഷകർ പ്രതിസന്ധിയിൽ

തൊടുപുഴ : നാളികേര ഉത്പാദനക്ഷമതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണെന്നും നാളികേര കർഷകർ പ്രതിസന്ധിയിലാണെന്നും കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റെജി ജേക്കബ് തോമസ് പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല തെങ്ങിൻ തൈകളും ഉത്പാദിപ്പിക്കപ്പെടണം. ഇരുപത് ലക്ഷം തെങ്ങിൻ തൈകൾ കേരളത്തിൽ വിറ്റു പോകുന്നുണ്ട്. ഇതിൽ ഇരിപത്തിഅഞ്ച് ശതമാനം മാത്രമേ ഗവൺമെന്റ് സ്ഥാപനങ്ങൾ വഴി വിറ്റഴിക്കുന്നുള്ളൂ.
സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടത്ര അകലത്തിൽ നടുകയും മണ്ണിന്റെ സ്വഭാവം അനുസരിച്ച് കുഴികളുടെ വലിപ്പം ക്രമീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഡോ. എ. അബ്ദുൾ ഹാരീസ് പറഞ്ഞു.
സെമിനാറിന്റെ ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് നിർവ്വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശ്ശേരി എക്‌സ് എം.എൽ.എ., ഡോ. മിനി രാജ് (കേരള കാർഷിക സർവ്വകലാശാല), പി.പ്രീതി (കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), വി.സി. സെബാസ്റ്റ്യൻ (ഹോംഗ്രോൺ) എന്നിവർ സംസാരിച്ചു.