തൊടുപുഴ: ഇന്നലെ പെയ്ത ഒറ്റപ്പെട്ട കനത്ത മഴയിൽ തൊടുപുഴ നഗരം പുഴയായി. ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ശക്തമായ മഴ ഒരു മണിക്കൂറോളം നീണ്ട നിന്നു. ഇതോടെയാണ് ഓടകൾ നിറഞ്ഞ് നഗരത്തിലെ പല റോഡുകളും തോടായി മാറിയത്. നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വെള്ളക്കെട്ടിനെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ബീമാ ജംഗ്ഷൻ, പ്രസ്ക്ലബിന് സമീപം, മാർക്കറ്റ് റോഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ, മങ്ങാട്ടുകവല- കാരിക്കോട് റോഡ്, പാലാ റോഡ്, മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജംഗ്ഷൻ, പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ വെള്ളമുയർന്നു. ചെറിയൊരു മഴ പെയ്താൽ പോലും തൊടുപുഴ നഗരത്തിലെ ഓടകൾ നിറഞ്ഞ് വെള്ലക്കെട്ടുണ്ടാകുന്നത് പതിവായിട്ടുണ്ട്. ചെളിയും മാലിന്യവും നിറഞ്ഞ ഓടകൾ വൃത്തിയാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് തുടർച്ചയായുള്ള വെള്ളക്കെട്ടിന് കാരണം. ഓടയിലൂടെ വെള്ളം സുഗമമായി ഒഴുകുന്നത് തടസപ്പെടുത്തിയുള്ള അനധികൃത കൈയേറ്റവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.
വ്യാപാരികൾ ദുരിതത്തിലായി
കൊവിഡ് കാരണം കച്ചവടം കുറഞ്ഞ ബുദ്ധിമുട്ടിലായ വ്യാപാരികൾക്ക് ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട്. കടയിൽ വെള്ളം കയറി സാധനങ്ങൾ നശിക്കുന്നത് പതിവായിരിക്കുകയാണ്. ഓടകൾ വൃത്തിയാക്കണമെന്ന് പലതവണ പി.ഡബ്ല്യു.ഡി- നഗരസഭാ അധികൃതരോട് പരാതി പറഞ്ഞുമടുത്തിരിക്കുകയാണ് വ്യാപാരികൾ. ഇന്നലെ വെള്ളക്കെട്ടുണ്ടായ കാഞ്ഞിരമറ്റം ജംഗ്ഷനിലെ കലുങ്ക് ഉയർത്തി പണിയുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചതാണ്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇതുവരെ നിർമാണം ആരംഭിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
''ഓരോ മഴയിലും കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ചെളിയും മാലിന്യവും നിറഞ്ഞ ഓടകൾ വൃത്തിയാക്കണമെന്ന് പറഞ്ഞുമടുത്തു. കാഞ്ഞിരമറ്റം ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കലുങ്ക് നിർമിക്കാൻ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും പി.ഡബ്ല്യു.ഡി അധികൃതർ ഒന്നും ചെയ്യുന്നില്ല.""
-ടി.സി. രാജു തരണിയിൽ (മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് )