മറയൂർ: വനംവകുപ്പ് ഉദ്യോഗസ്ഥർ നിരപരാധികളെ കുറ്റക്കാരാക്കുന്നതായി ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഊരിലെ കുട്ടന്റെയും ഇന്ദിരയുടെയും മകൻ കാർത്തിക്കാണ് (19) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാർത്തിക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകർ കാർത്തിക്കിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ നിരപരാധിയാണെന്ന് കാർത്തിക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പുറത്തിറങ്ങിയ കാർത്തിക് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഒരാഴ്ച മുമ്പ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാറിൽ പാളപ്പെട്ടി ഭാഗത്ത് നിന്ന് ചന്ദനം മോഷണം പോയ കേസിൽ പ്രതികളെ ആരെയും പിടി കൂടാൻ വനപാലകർക്ക് കഴിഞ്ഞില്ല. ഈ സംഭവത്തിൽ കാർത്തിക്കിനെ വീണ്ടും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മൃതശരീരം താഴെ ഇറക്കി മറയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമാർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരൻ: അഭിഷേക്.