തൊടുപുഴ: മലങ്കര അണക്കെട്ടിൽ നടന്ന് വരുന്ന ജല സംഭരണിയുടെ ആഴം അളക്കുന്നതിനും അണ്ടർവാട്ടർ സവിശേഷതകൾ മാപ്പ് ചെയ്യുന്നതിനുമുള്ള പഠനം ഇന്ന് പൂർത്തിയാകും. ജലവിഭവ വകുപ്പിന് കീഴിൽ പീച്ചിയിലുള്ള കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടാണ് അണക്കെട്ടിൽ പഠനം നടത്തുന്നത്. പഠനത്തിനു ശേഷം അണക്കെട്ടിന്റെ സംഭരണ ശേഷി കൂട്ടാനായി മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികളും ഉണ്ടാകും. ബോട്ടിൽ ഘടിപ്പിക്കുന്ന മൾട്ടി ബീം എക്കോ സൗണ്ടർ ഉപയോഗിച്ചുള്ള മൾട്ടി ബീം സർവേയിംഗ് ആണ് നടന്നു വരുന്നത്. പീച്ചിയിൽ നിന്ന് ബോട്ടും മറ്റ് ഉപകരണങ്ങളും മലങ്കര ജലാശയത്തിലെത്തിച്ചാണ് പഠനം തുടരുന്നത്. പ്രളയത്തിലേതുൾപ്പെടെ ഉരുൾപൊട്ടലുകളിലൂടെയും മറ്റും വൻ തോതിൽ ചെളിയും കല്ലും ഡാമിൽ അടിഞ്ഞിരുന്നു. ഇത് ഡാമിന്റെ സംഭരണ ശേഷിയിൽ കുറവുണ്ടാക്കിയ സാഹചര്യത്തിലാണ് മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയത്. മലങ്കര യുൾപ്പെടെ സംസ്ഥാനത്തെ 11 ഡാമുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനം പൂർത്തിയായി ഡാമിന്റെ നിയന്ത്രണ ചുമതലയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമായിരിക്കും സംഭരണ ശേഷി കൂട്ടാനുള്ള നടപടികൾ ആരംഭിക്കുക.