തൊടുപുഴ: വീണ്ടും പക്ഷിപ്പനി ഭീതി പടർത്തിയതോടെ ഇറച്ചികോഴികളുടെ വിലയിടിയുമോയെന്ന ആശങ്കയിലാണ് കോഴി കർഷകർ. തൊടുപുഴ മേഖലയിൽ കിലോയ്ക്ക് 110 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ഒരാഴ്ചയായി ഈ വിലയിൽ വലിയ മാറ്റമില്ല. ഫാമുകളിൽ നിന്ന് 80 രൂപയ്ക്ക് വരെ കോഴികളെ വിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് ആരംഭ കാലത്ത് പക്ഷിപ്പനിയുണ്ടായപ്പോൾ കിലോയ്ക്ക് 50 രൂപയിൽ താഴെയെത്തിയിരുന്നു കോഴി വില. ആ സമയങ്ങളിൽ ഇറച്ചിക്കോഴി വിൽപ്പന സാധാരണത്തേതിന്റെ നേർ പകുതിപോലുമില്ലാതിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുമോ എന്ന ആശങ്കയിൽ ആളുകൾ ഇറച്ചിക്കോഴി വാങ്ങുന്നതിൽ നിന്നും പിന്തിരിയുകയായിരുന്നു. കൊവിഡ് വ്യാപനവും ആ സമയത്ത് തിരിച്ചടിയായിരുന്നു. വീണ്ടും പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ വില വലിയ തോതിൽ താഴുമോയെന്നാണ് കർഷകരുടെ ഭീതി. തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് ഹൈറേഞ്ചിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. അതേസമയം തൊടുപുഴ മേഖലകളിൽ കൂടുതലും ഇവിടെ തന്നെയുള്ള ഫാമുകളിലെ കോഴികളാണ് കൂടുതലും വിൽക്കുന്നത്. പക്ഷിപ്പനി ഭീതിയെ തുടർന്ന് മറ്റു ജില്ലകളിലേക്കുള്ള കയറ്റുമതി കുറഞ്ഞാൽ വില കുറഞ്ഞേക്കും. ഇറച്ചിക്കോഴി വാങ്ങുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടാകുമോ എന്ന ആശങ്കയും കോഴി കർഷകരിലുണ്ട്.

ഫാമുകൾ നഷ്ടത്തിൽ

ജില്ലയിൽ അമ്പതിലേറെ കോഴി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇറച്ചികോഴികളെ ദിവസവും തീറ്റ നൽകി വളർത്തുന്നത് വൻ ചെലവാണ്. ബാങ്കുകളിൽ നിന്ന് ലോണെടുത്തും പണം കടം വാങ്ങിയുമാണ് ഇറച്ചിക്കോഴി വളർത്തുന്നത്. മിക്കതും ചെറിയ ഫാമുകളാണ്. കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലെങ്കിലും ലഭിച്ചാലേ ഇവർക്ക് മുടക്ക് മുതൽ കിട്ടൂ.