vayojana

കട്ടപ്പന: ജില്ലാ പഞ്ചായത്തിന്റെ വയോജനഫണ്ട് ഫലപ്രദമായി വിനിയോഗിക്കുമെന്ന് പ്രസിഡന്റ് ജിജി .കെ .ഫിലിപ്പ് പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വയോജന പ്രശ്‌നങ്ങൾ അസോസിയേഷനുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ആർ ജനാർദനൻ അദ്ധ്യക്ഷനായി. വയോജനങ്ങൾക്ക് നൽകുന്ന അഞ്ച് ശതമാനം ഫണ്ട് പത്ത് ശതമാനമായി വർധിപ്പിക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമീഷനെ നിയമിക്കുക, വയോജന ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, പുതിയ വയോജനക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പാക്കുക, വയോജന ഗ്രാമസഭകൾ നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സെക്രട്ടറി എ .ജെ .ശശിധരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായ ചക്രപാണി, പി .കെ .മോഹനൻ, മേരിക്കുട്ടി എബ്രാഹം, ഇ .എ .ജോസഫ്, കുലശേഖരൻ, കൃഷ്ണകുമാർ, ജയരാജ്, വി എം പരീത്. ഗോപി, ശാന്തകുമാരി, ടി കെ വാസു, ടി ഔസേപ്പ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ ആർ ജനാർദ്ദനൻ (പ്രസിഡന്റ്), കെ ആർ രാമചന്ദ്രൻ (സെക്രട്ടറി), എ ജെ ശശിധരൻ, മേരിക്കുട്ടി എബ്രഹാം(വൈസ് പ്രസിഡന്റുമാർ).