ചെറുതോണി: മുരിക്കാശ്ശേരി മാർസ്ലീവാ കോളേജിന്റെ പ്രിൻസിപ്പാളായി മൂലമറ്റം സെന്റ് ജോസഫ് കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ജോഷി വർഗീസ് ചുമതലയേറ്റു. എം.ജി യൂണിവേഴ്‌സിറ്റിയിൽ ഗവേഷകരുടെ മാർഗ്ഗദർശിയായ ഇദ്ദേഹം അഞ്ചു യൂണിവേഴ്‌സിറ്റികളിൽ പി.എച്ച്.ഡി പാനൽ മെമ്പറാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി ബിരുദത്തിനുള്ള ഓപ്പൻ ഡിഫൻസിൽ ചെയർമാനായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റിയിൽ മലയാളം യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കോമൺ കോഴ്‌സ് മലയാളം മൂല്യനിർണ്ണയ സമിതി ചെയർമാൻ, വിജിലൻസ് സ്‌ക്വാഡ് ഇടുക്കി സോണിന്റെ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.