ഇടുക്കി : മെഡിക്കൽ കോളേജിന് സംസ്ഥാന വെദ്യുതി ബോർഡിന്റെ 10 കോടി സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന സി റ്റി സ്‌കാൻ, ഡിജിറ്റൽ റേഡിയോഗ്രാഫി, മാമോഗ്രാഫി, കംപ്യൂട്ടർ എക്‌സ്റേ സേവനങ്ങൾ എത്രയും വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ വൈദ്യുതി മന്ത്രി എം എം മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളേജ് ഭരണ സമിതി യോഗം തീരുമാനിച്ചു.
പുതിയ ബ്ലോക്കിൽ സ്ഥാപിക്കുന്ന സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ അടക്കം ഫെഫ്രുവരി 10 നകം പണിപൂർത്തിയാക്കാനാണ് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് സമിതി നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾ അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണിയും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റോഷി അഗസ്റ്റിൻ എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗവും കിടത്തി ചികിത്സാ വിഭാഗവും ഉടൻ ആരംഭിക്കും. പുതിയ ജനറൽ ഐസിയു വിന്റേയും മോർച്ചറിയുടേയും ഉദ്ഘാടനവും നടത്താനും യോഗം തീരുമാനിച്ചു.
ഡി.എം.ഒ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൾ റഷീദ് എം എച്ച്, സൂപ്രണ്ട് ഡോ. എസ്. എൻ .രവികുമാർ, ആർ. എം. ഒ ഡോ. അരുൺ എസ്, പി. ആർ. ഒ മെറിന ജോർജ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാമോൻ കെ.കെ, നിർമ്മിതി പ്രൊക്ട് എൻജിനീയർ എസ്.ബിജു തുടങ്ങിയ നിർവ്വഹണ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
വാണിജ്യ രംഗത്തെ കയറ്റിറക്കുകൂലിയുടെ നിരക്ക് ആതുര ശുശ്രൂഷാ ഉപകരണങ്ങൾ ഇറക്കുന്നതിന് ഈടാക്കുന്നത് ശരിയോണോ എന്ന് കയറ്റിറക്കു തൊഴിലാളി സംഘടനകൾ ആലോചിക്കണമെന്ന് ജില്ലാ കലക്ടർ സംഘടനാ ഭാരവാഹികളെ ഓർമ്മിപ്പിച്ചു. ഉടൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ഓക്‌സിജൻ സിലിണ്ടർ ഇറക്കുന്നതിന്റെ വർദ്ധിച്ച തുക സംബന്ധിച്ചത് ചർച്ചചെയ്യവെയാണ് കളക്ടറുടെ പരാമർശം ഉണ്ടായത്.