ഇടുക്കി : ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിത രശ്മി 'എന്ന പേരിൽ പദ്ധതിക്കു കളമൊരുങ്ങുന്നു.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്തുഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കും. ജില്ലയിലെ ആയിരത്തോളം പട്ടികവർഗ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ ഇവർക്ക് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ സജീവ പങ്കാളിത്തത്തിനും വഴിതുറക്കും.സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സഹകരണവും ഉണ്ടാകും. പദ്ധതിയുടെ നടത്തിപ്പിന് ക്രിയാത്മക നിർദേശങ്ങൾ നേടുന്നതിനായി കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൊടുപുഴ ഐടിഡിപി പ്രൊജകട് ഓഫീസർ കെ. എസ്. ശ്രീരേഖ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പ്‌ളാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ടി. സുലോചന, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു ബേബി, നബാർഡ് എം.ജി.എം അശോക് കുമാർ, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. സെന്റ് ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ പി. ജി. അനിൽ പദ്ധതി വിശദീകരണം നടത്തി. സി .എം ഡി പ്രൊജക്ട് ഓഫീസർ ബി. രാജേഷ് സ്വാഗതവും റ്റിജോ തോമസ് നന്ദിയും പറഞ്ഞു.
പദ്ധതി ഘട്ടം ഘട്ടമായി
മൂന്നുഘട്ടങ്ങളിലായാണു ഹരിത രശ്മി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ ബോധവത്കരണം, ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്, മണ്ണ് തുടങ്ങി അടിസ്ഥാന വിഷയങ്ങളും രണ്ടാംഘട്ടത്തിൽ വിത്തുവിതരണവും കൃഷിയും വിളപരിപാലനം, വിളവെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും മൂന്നാം ഘട്ടത്തിൽ ജൈവകൃഷി പ്രോത്സാഹനവുമാണു കൈകാര്യം ചെയ്യുന്നത്. കാർഷിക ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ്, ജില്ലാതല കർഷക കൂട്ടായ്മ, പൊതുനാമം, വിപണന ശൃംഖല, പ്രൊഡ്യൂസർ കമ്പനി, സാങ്കേതിക വിപണന സൗകര്യം എന്നിവയും ഇതിനു പിന്നാലെ നടപ്പിലാക്കും.