വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സന്ദർശിച്ചു
തൊടുപുഴ: നഗരത്തിലെ ഓടകൾ ഉടൻ ശുചീകരിക്കുമെന്നും ഒഴുക്ക് സുഗമമാക്കാൻ വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർമാനും സംഘവും. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണും. ഓട കൈയേറിയവർക്കെതിരെയും മാലിന്യം ഒഴുക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. സംഘം ഭീമാ ജംഗ്ഷൻ, കാഞ്ഞിരമറ്റം കവല, മാങ്ങാട്ടുകവല- കാരിക്കോട് റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് ആദ്യഘട്ട വിലയിരുത്തൽ നടത്തി. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടുണ്ടായിരുന്നു. വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, നഗരസഭാ കൗൺസിലർമാരായ സബീന ബിഞ്ചു, മുഹമ്മദ് അഫ്സൽ, സജ്മി ഷിംനാസ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജു തരണിയിൽ, എം.ബി. താജുദ്ദീൻ, സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം കെ.ഐ. ആന്റണി, സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി, പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, ആരോഗ്യവിഭാഗം വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.