kovid

തൊടുപുഴ: പാലായിൽ സ്വകാര്യ സ്ഥാപനത്തിലെ കൊവിഡ് നിയന്ത്രണ ദൗത്യം പൂർത്തീകരിച്ച് തൊടുപുഴയിലെ വോളന്റിയർമാർ തിരികെയെത്തി. പാലാ നഗരത്തിലെ തെരുവുകളിൽ കഴിഞ്ഞിരുന്ന അന്തേവാസികളെ പാർപ്പിച്ചിരുന്ന മരിയാസദനത്തിലെ ആളുകളിൽ വ്യാപകമായി കൊവിഡ് വ്യാപിച്ചതിനെ തുടർന്നാണ് സ്ഥാപന നടത്തിപ്പുകാർ മാതൃകാപരമായ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തി വരുന്ന തൊടുപുഴയിലെ വോളന്റിയേഴ്സിന്റെ സേവനം അഭ്യർത്ഥിച്ചത്. ഇതേ തുടർന്ന് വോളന്റിർ കൺവീനവർ പി.കെ രാജേന്ദ്രൻ, തൊടുപുഴ നഗരസഭ യൂത്ത് കോർഡിനേറ്റർ ഷിജി ജയിംസ്, രഹേഷ് .കെ. യു എന്നിവരുടെ നേതൃത്വത്തിൽ 35 പ്രവർത്തകർ പാലായിലെ സ്ഥാപനത്തിൽ എത്തി. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ,കിടപ്പു രോഗികൾ, ഉറ്റവരും ഉടയവരും ആരന്നറിയാത്തവർ എന്നിങ്ങനെ ഹൈ റിസ്കിലുള്ള ആളുകളെയാണ് പാലാ നഗരസഭാ, ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം വോളന്റീയേഴ്സ് സംഘം പരിചരിച്ചത്. പി .പി .ഇ കിറ്റ് ധരിച്ച ഇവർ മരുന്ന് - ഭക്ഷണ വിതരണം, ക്ലീനിനിങ്ങ്, ആണുശീകരണം തുടങ്ങിയ പ്രവർത്തികൾ പൂർണ്ണമായും ഏറ്റെടുത്തിരുന്നു. പാല ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം ദിവസവും കേന്ദ്രത്തിലെത്തി രോഗികളെ പരിശോധിക്കുകയും വോളന്റീയേഴ്സിനാവശ്യമായമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ദൗത്യം പൂർത്തീകരിച്ച വോളന്റിയർ സംഘത്തിന് പാലാ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ യാത്രയപ്പും നൽകിയാണ് തിരിച്ചയച്ചത്.