തൊടുപുഴ: ഏറെ നാളായി മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്നമായ ശബരി റെയിൽ പാതയ്ക്ക് വീണ്ടും പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് 24 വർഷമായിട്ടും പുരോഗതിയില്ലാത്ത പദ്ധതി വീണ്ടും ട്രാക്കിലായത്. 1997- 98 ലെ റെയിൽവെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത.
ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ സമഗ്ര വികസനം കൂടി പദ്ധതി വഴി ലക്ഷ്യമിട്ടായിരുന്നു. പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു. കൊച്ചിയുടെ ഉപനഗരമായി അനുദിനം വളരുന്ന തൊടുപുഴയ്ക്ക് വികസന കുതിച്ചുചാട്ടമുണ്ടാകുമായിരുന്നു. എന്നാൽ 2005 വരെ സ്ഥലമേറ്റെടുക്കാൻ സംസ്ഥാനത്തെ മാറി മാറി വന്ന സർക്കാരുകൾക്ക് സാധിക്കാത്തതാണ് പദ്ധതി ഇഴയാൻ പ്രധാന കാരണം. കേരള സർക്കാർ സ്ഥലമേറ്റെടുത്ത് നൽകാൻ വൈകിയതോടെ 517 കോടിയായിരുന്ന പദ്ധതി തുക നാലിരട്ടിയായി വർദ്ധിച്ചു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നു.
എന്നാൽ 2015ൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയിൽ ശബരിപാതയും ഉൾപ്പെടുത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധിയാണെന്നും അമ്പത് ശതമാനം ഏറ്റെടുക്കാനാകില്ലെന്നും പറഞ്ഞ് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഇതോടെ കേന്ദ്രം പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിച്ച തുകയൊന്നും നൽകിയില്ല. ഒരു വർഷം മുമ്പ് സതേൺ റെയിൽവേ പുരോഗതിയില്ലാത്ത പത്ത് പ്രോജക്ടുകൾ നിറുത്താൻ തീരുമാനിച്ചിരുന്നു. അതിൽ ശബരി റെയിൽ പദ്ധതിയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ കേരളം തയ്യാറാകാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ജനുവരിയിൽ അയച്ച കത്തിൽ കേന്ദ്രറെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ട്രാക്കിലാകുന്നത് സ്വപ്ന പദ്ധതി
പദ്ധതി പ്രഖ്യാപനം- 1997- 98
അങ്കമാലി മുതൽ എരുമേലി വരെ- 111 കിലോമീറ്റർ
അന്നത്തെ ചെലവ്- 517 കോടി രൂപ
നിലവിലെ ചിലവ്- 2815 കോടി രൂപ
സംസ്ഥാനവിഹിതം- 1,407.5 കോടി രൂപ
ഭൂമി ഏറ്റെടുക്കാൻ- 900 കോടി രൂപ
റെയിൽവേ സ്റ്റേഷനുകൾ ഇവിടെ
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി
ഓടിയത് ഏഴര കിലോമീറ്റർ
കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. ഇതുകൂടാതെ കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവുമാണ് പൂർത്തിയായത്.
അയ്യപ്പന്മാർക്കും ശരണം
മലയാളികളേക്കാൾ 55 ശതമാനം അധികം ശബരിമല ഭക്തർ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സീസണിൽ റെയിൽവേ മൂന്നൂറോളം തീവണ്ടികൾ അധികമോടിക്കുന്നുണ്ട്. ശബരി പാത വരുന്നതോടെ റെയിൽവേയ്ക്കും വലിയൊരു ആശ്വാസമാകും.
സ്വാഗതം ചെയ്യുന്നു
'' 50 ശതമാനം തുക മുടക്കാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. പദ്ധതി വൈകിയപ്പോൾ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. അതിന്റെ കൂടി പ്രതിഫലനമാണ് ഇപ്പോഴത്തെ തീരുമാനം. ഇനി സ്ഥലമേറ്രെടുപ്പ് ഉടൻ പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കണം.''
-ജിജോ ജെ. പനച്ചിനാനിക്കൽ,
(സെക്രട്ടറി, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ)