തൊടുപുഴ: കാർഷികമേളയുടെ സമാപന സമ്മേളനത്തിലെ നിറസാന്നിദ്ധ്യമായി മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഗാന്ധിജി സ്റ്റഡി സെന്റർ നടത്തിയ കാർഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. കാർഷികമേളയിൽ പങ്കെടുക്കണമെന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നെന്ന് മഞ്ജു പറഞ്ഞു. കാർഷികമേളയുടെ പ്രസക്തി വാക്കുകളിൽ ഒതുക്കാനാകില്ല. ജൈവകൃഷി പ്രോത്സാഹനത്തിന് പി.ജെ. ജോസഫ് നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണ്. അന്നദാതാക്കളെ വിസ്മരിച്ച് മുന്നോട്ടു പോകാനാവില്ല. കാർഷികാഭിവൃദ്ധിയിലൂടെ മാത്രമേ നാടിന്റെ പുരോഗതി സാധ്യമാകൂവെന്നും മഞ്ജു പറഞ്ഞു. താരം തന്നെ നിർമിക്കുന്ന 'ലളിതം സുന്ദരം" എന്ന ചിത്രത്തിന്റെ വണ്ടിപ്പെരിയാറിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് മഞ്ജു തൊടുപുഴയിലെത്തിയത്. പി.ജെ. ജോസഫ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ, നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ കെ.സി. സണ്ണി, ഷെവലിയർ ഷിബു തെക്കുമ്പുറം, അഡ്വ. ജോസി ജേക്കബ്, മത്തച്ചൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു.