തൊടുപുഴ: കാർഷികമേളയോടനുബന്ധിച്ച് ഇന്നു രാവിലെ 8.30 മുതൽ കോലാനി - വെങ്ങല്ലൂർ ബൈപാസിനു സമീപം കാലിപ്രദർശനവും മത്സരവും നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു സമ്മാന വിതരണം നടത്തും. പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യാതിഥി ആയിരിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ്, സെന്റർ ഫോർ ബയോ റിസോഴ്‌സസ് ഡയറക്ടർ ഡോ. അനി എസ്. ദാസ്, കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജോർജ്, കെ. സലിം കുമാർ എന്നിവർ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന പശുവിന് ഒരു ലക്ഷം രൂപയുടെയും രണ്ടാം സ്ഥാനം നേടുന്ന പശുവിന് 50000 രൂപയുടെ അവാർഡും നൽകും. ജേഴ്‌സി, എച്ച് എഫ്, സുനന്ദിനി പശുക്കളിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവയ്ക്ക് ഇരുപതിനായിരം രൂപയുടെയും പതിനായിരം രൂപയുടെയും അവാർഡുകളും സമ്മാനിക്കും. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരം ഉണ്ട്. കാലിപ്രദർശന നഗറിൽ രാവിലെ 8.30 ന് മത്സര ഇനങ്ങളെ എത്തിച്ച് രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.