തൊടുപുഴ: സംസ്ഥാന ബഡ്ജറ്റിന്റെ 40 ശതമാനത്തോളം തുക പദ്ധതി നിർവ്വഹണത്തിനായി പഞ്ചായത്തുകൾക്ക് മാറ്റിവയ്ക്കുന്നുണ്ടെങ്കിലും പകുതിയിലധികവും നടപ്പാകുന്നില്ലെന്ന് മുൻ റബ്ബർ ബോർഡ് ചെയർമാൻ പി.സി. സിറിയക് പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നടത്തിയ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാൻ ഫണ്ടുകൾ വെട്ടികുറയ്ക്കുകയും ഗ്രാമപഞ്ചായത്തുകൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സമീപനം ഒരു സർക്കാരും സ്വീകരിക്കരുതെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ് പറഞ്ഞു. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പി അഡ്വ. ജോയി എബ്രാഹം, മുൻ മന്ത്രി ടി.യു കുരുവിള, മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ അഡ്വ. ജോണി നെല്ലൂർ എന്നിവർ സംസാരിച്ചു.