തൊടുപുഴ: ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും മുടക്കി വിലയ്ക്ക് വാങ്ങിയ എസ്റ്റേറ്റിൽ കയറാനാവാതെ വിഷമിക്കുന്ന എസ്റ്റേറ്റ് ഉടമയ്ക്ക് നിയമ സംരക്ഷണം ഉറപ്പാക്കാൻ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന പൊലീസ്‌ മേധാവിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്.
1979ൽ ഇടുക്കി ആർ.ബി.ടി കമ്പനിയിൽ ജോലിക്കാരനായെത്തിയ ഉത്തരേന്ത്യക്കാരനായ പി.കെ. സിംഗിന്റെ ദുരവസ്ഥയിലാണ് കമ്മിഷൻ ഇടപെട്ടത്. തൊഴിലാളിയായെത്തിയ പി.കെ. സിംഗ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരും പിന്നീട് ജനറൽ മാനേജരുമായി. 2003ൽ കമ്പനി പ്രതിസന്ധിയിലായതോടെ കമ്പനി നടത്തിപ്പിനായി പി.കെ. സിംഗിനെ ഏൽപ്പിച്ചു. പി.കെ. സിംഗാകട്ടെ തന്റെ പേരിലുണ്ടായിരുന്ന എല്ലാ സമ്പാദ്യവും വിറ്റ് എസ്റ്റേറ്റിൽ പണം മുടക്കി. അങ്ങനെ 34.14 ഏക്കർ സ്ഥലം പി.കെ. സിംഗിന് സ്വന്തമായി. കരാർ എഴുതുകയും നികുതി അടയ്ക്കുകയും ചെയ്തു. ഇതിനുശേഷം കമ്പനി വീണ്ടും പ്രതിസന്ധിയിലായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കമ്പനിയുടെ സ്വത്ത്‌ ലേലത്തിൽ വിറ്റു. മറ്റൊരു സ്വകാര്യ കമ്പനി ലേലം പിടിച്ചു. അവർ സ്ഥലം ഒഴിഞ്ഞുപോകാൻ പി.കെ. സിംഗിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. പി.കെ. സിംഗ് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നൽകുകയും മുഖ്യമന്ത്രി ആവശ്യമായ നിർദ്ദേശം സംസ്ഥാന പൊലീസ്‌ മേധാവിക്ക് നൽകുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഉടമയ്ക്ക് തന്റെ എസ്റ്റേറ്റിലുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുകയാണെന്നാണ് പി.കെ. സിംഗിന്റെ പരാതി. നടപടി സ്വീകരിച്ചശേഷം 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.