ബൈസൺവാലി.- ബൈസൺവാലിയിൽ നിന്നും പുലർച്ചെ 4 ന് കോട്ടയത്തേയ്ക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് പതിറ്റാണ്ട്കാലം ഇവിടെ നിന്നും കോട്ടയത്തേയ്ക്ക് മുടക്കം കൂടാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിവന്നിരുന്നതാണ്. ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസുകൾ ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായി ഈ സർവ്വീസ് കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് നടത്തി. എന്നാൽ ലോക് ഡൗണിനെത്തുടർന്ന് സർവ്വീസുകൾ നിർത്തിയതിന്റെ ഭാഗമായി ഈ സർവ്വീസും നിലച്ചു. കെ.എസ്.ആർ.ടിസി യുടെ കോട്ടയം ഡിപ്പോയിൽ നിന്നും ഓപ്പറെറ്റ് ചെയ്ത് വന്നിരുന്ന സർവ്വീസാണിത്. ഈ മേഖലയിൽ നിന്നും ലോറെയിഞ്ചിലേയ്ക്കുള്ള ആദ്യബസ് സർവ്വീസ് എന്ന നിലയിൽ വിവിധ കോളേജുകളിൽ അദ്ധ്യയനം നടത്തി വന്നിരുന്ന വിദ്യാർത്ഥികൾക്കും, കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിൽസ തേടി പോകുന്ന രോഗികൾക്കും എറെ പ്രയോജനകരമായിരുന്ന സർവ്വീസായിരുന്നു. മാത്രവുമല്ല ലാഭകരമായി നടന്നു വന്നിരുന്ന സർവ്വീസ് കൂടിയായിരുന്നു എന്നതും അധികൃതർ വ്യക്തമാക്കിയിട്ടുള്ളതാണ്..