ഇടുക്കി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഇടുക്കി,​ വയനാട് ജില്ലകളിലെ കർഷക പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ അറിയിച്ചു. ജനപ്രതിനിധികളും ജനങ്ങളും ചർച്ച ചെയ്യാത്ത കാർഷിക നിയമങ്ങൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഇരു ജില്ലകളിലെയും തേയില- കാപ്പി- കുരുമുളക് കർഷകർ സമരത്തിൽ പങ്കെടുക്കാൻ പോകുന്നത്. തറ വിലയും താങ്ങ് വിലയും ഇല്ലാതെ ജീവിതം തകർന്ന കർഷകരുടെ മേൽ കോർപ്പറേറ്റുകളെ വാഴിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ചെറുകിട കർഷക ഫെഡറേഷൻ തുടർ സമരങ്ങൾ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോർജ്ജ്, കെ. വേണു, രാജേന്ദ്രൻ മാരിയിൽ, ടോമി തെങ്ങുംപിള്ളിൽ, പി.പി. മാത്യു എന്നിവർ പ്രസംഗിച്ചു.