തൊടുപുഴ: കോടിക്കണക്കിന് രൂപ സംസ്ഥാനത്ത് നിന്ന് കൊള്ളയടിച്ചിരുന്ന അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും കേരളത്തിലേക്കു കടന്നുവരാൻ ശ്രമിക്കുന്നത് എന്ത് വിലകൊടുത്തും തടയാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ലോട്ടറി ആഫീസിന് മുമ്പിൽ ധർണ നടത്തി. കേരള ലോട്ടറിയുടെ വില 20 രൂപയായി നിജപ്പെടുത്തുക, കാരുണ്യ ബെനിഫിറ്റ് പദ്ധതി പുനരുജ്ജീവിപ്പിക്കുക, ലോട്ടറിയെ ജി.എസ്.ടി.യിൽ നിന്ന് ഒഴിവാക്കുക,​ കേന്ദ്ര ലോട്ടറി നിയമങ്ങളിൽ സംസ്ഥാനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ ഭേദഗതികൾ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു ജില്ലാ വൈസ് പ്രസിഡന്റ് ജോമോൻ തെക്കുംഭാഗം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ധർണ ഉദ്ഘാടനം ചെയ്തു. ടോമി തോമസ്, പ്രഭാകരൻ മുതലക്കുടം, കുട്ടപ്പൻ അറക്കുളം, ആനീസ്, ജെയ്‌മോൾ, ടി.പി. ജോയി നന്ദി പറഞ്ഞു.