മുതലക്കോടം: വോട്ടർമാരോട് ക്ഷമാപണം നടത്തി ഒമ്പതാം വാർഡിൽ യു.ഡി.എഫ് പ്രവർത്തകർ ലഘുലേഘയുമായി ഭവന സന്ദർശനം നടത്തി. നഗരസഭാ തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ശേഷം എൽ.ഡി.എഫിലേക്ക് കൂറുമാറിയ ജെസി ജോണിയുടെ നടപടിക്കെതിരെയായിരുന്നു ഭവന സന്ദർശനം. ''ക്ഷമാപൂർവ്വം വോട്ടർമാരോട്" എന്നു തുടങ്ങുന്ന നോട്ടീസുമായാണ് പ്രവർത്തകർ ഭവന സന്ദർശനം നടത്തിയത്. കൗൺസിലർ വാർഡ് സന്ദർശിക്കുമ്പോൾ പ്രതിഷേധം നേരിട്ട് അറിയിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു. വാർഡിലെ മുഴുവൻ വീടുകളിലും കയറി ഇറങ്ങി നോട്ടീസ് വിതരണം ചെയ്തെന്നും കൗൺസിലറുടെ നടപടിക്കെതിരെ വാർഡിലെ മുഴുവൻ ജനങ്ങളും മോശം ഭാഷയിലൂടെയാണ് പ്രതികരരിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഭവന സന്ദർശനത്തിന് യു.ഡി.എഫ് നേതാക്കളായ മത്തായി കോനാട്ട്, കെ.എസ്. ഹസൻകുട്ടി, പി.എച്ച്. സുധീർ, എം.പി. സലിം, പി.എസ്. മൈതീൻ, പി.കെ. അനസ്, പി.ഇ. നൗഷാദ്, പി.ഇ ബഷീർ എന്നിവർ നേതൃത്വം നൽകി.