മുട്ടം: പ‌ഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കോടതി -ജില്ലാ ജയിൽ റോഡിന്റേയും, ഇടപ്പളളി - പാമ്പാറ റോഡിന്റേയും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി വാർഡ് മെമ്പർ ഡോളി രാജു അറിയിച്ചു. കോടതി - ജില്ലാ ജയിൽ റോഡിന് ജില്ലാ പഞ്ചായത്തിൽ നിന്നുളള 5 ലക്ഷം രൂപയും ഇടപ്പളളി - പാമ്പാറ റോഡിന് മുട്ടം പഞ്ചായത്തിൽ നിന്നുളള 70,000 രൂപയും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഇടപ്പളളി - പാമ്പാറ റോഡിൽ കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്. രണ്ട് റോഡുകളുടേയും നിർമ്മാണം വൈകുന്നത് സംബന്ധിച്ച് പ്രാദേശികമായി വ്യാപക ആക്ഷേപം ഉയരുകയും ജനങ്ങൾ സംഘടിച്ച് അധികൃതർക്ക് നിരവധി പരാതികൾ നൽകുകയും ചെയ്തിരുന്നു. കോടതി - ജില്ലാ ജയിൽ റോഡ് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത്10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങി ഫണ്ട് ലാപ്സായിരുന്നു.ജില്ലാ കോടതി, ജില്ലാ ജയിൽ,ജയിൽ കോട്ടേഴ്സ്,ജില്ലാ ഹോമിയോ ആശുപത്രി,വ്യവസായ വകുപ്പിന്റെ എസ്റ്റേറ്റ്,വർക്കിംഗ് വിമൻസ് ഹോസ്റ്റൽ,ഗവ: പോളിടെക്നിക്ക് കോളേജ്,പോളിടെക്നിക്ക് ബോയിസ് ഹോസ്റ്റൽ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുളള ജനങ്ങളും ജീവനക്കാരും ഉപയോഗിക്കുന്ന റോഡാണ് കോടതി - ജില്ലാ ജയിൽ റോഡ്.