തൊടുപുഴ: കൈവശഭൂമിക്ക് പട്ടയം നൽകുക, സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐക്യ മല അരയ മഹാസഭ പട്ടയ അവകാശ പട്ടിണി സമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി, എറണാകുളം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളിൽ പട്ടിണിസമരം നടത്തും. 2020 ജൂൺ മാസത്തിലെ സർക്കാർ ഉത്തരവ് പ്രകാരം ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൈവശഭൂമിക്ക് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി/പട്ടികവർഗക്കാർക്കും സ്വകാര്യ വ്യക്തികൾക്കും പട്ടയം അനുവദിക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ വില്ലേജിൽ മുന്നൂറിലേറെ പേർക്ക് പട്ടയംവിതരണം ചെയ്തിരുന്നു. വെള്ളിയാമറ്റം വില്ലേജിലെ 3600 പേരിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അറക്കുളം വില്ലേജിൽ നിന്ന് അപേക്ഷ സ്വീകരിച്ചിട്ടില്ല. പീരുമേട് താലൂക്കിൽ സ്‌പെഷ്യൽ ആഫീസ് ഉണ്ടായിരുന്നിട്ടും ഉത്തരവ് ബാധകമായ കൊക്കയാർ, മ്ലാപ്പാറ വില്ലേജുകളിൽ നിന്ന് ആരുടെയും അപേക്ഷകൾ സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ പൂച്ചപ്ര, പൂമാല, കരിപ്പിലങ്ങാട്, നാടുകാണി, പതിപ്പള്ളി, കുറ്റിപ്ലങ്ങാട്, മൂഴിക്കൽ,മൂലമറ്റം, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി സർവേ നടപടികൾ ആരംഭിക്കണമെന്നും കരിമണ്ണൂർ എൽ.എ തഹസിൽദാരിനു കീഴിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പട്ടയം നൽകാനുള്ള മുഴുവൻ വില്ലേജുകളിലും ഒരേ സമയം സർവേ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പട്ടയാവകാശ പട്ടിണിസമരത്തിൽ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കും. കഴിഞ്ഞ മാസം 21ന് പഞ്ചവയലിൽ നിന്ന് നടത്തിയ സമര പ്രഖ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ കുടുംബാംഗങ്ങൾ വീടുകളിൽ നിന്ന് വില്ലേജ് ആഫീസുകളിലേക്ക് അനേകം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് മാർച്ച് നടത്തുകയും പുതുവർഷദിനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസിനു മുന്നിൽ പട്ടിണിസമരം നടത്തുകയും ചെയ്തിരുന്നു. നടപടിയൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് 100 കേന്ദ്രങ്ങളിൽ പട്ടിണിസമരം നടത്തി ജനകീയ പ്രക്ഷോഭമാക്കി മാറ്റാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.കെ. ദിവാകരൻ, ഗോപൻ നെല്ലിപ്പുള്ളിൽ, സി.ആർ. രാജീവ്, ഉഷ അനിൽകുമാർ എന്നിവർ പങ്കെടുത്തു.