തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള കാർഷികമേളയ്ക്ക് കാലിപ്രദർശനത്തോടെ സമാപനം. കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതായിരുന്നു ഈ വർഷം മേളയുടെ മുഖ്യ പ്രമേയം. കൊവിഡ് പശ്ചാത്തലത്തിൽ സെമിനാറുകൾ മാത്രമായിരുന്നു ഇത്തവണ മേളയിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 8.30 മുതൽ കോലാനി- വെങ്ങല്ലൂർ ബൈപാസിന് സമീപം നടന്ന കാലിപ്രദർശനത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന മേള സമാപിച്ചത്. ഇന്ത്യയിലെ മികച്ച നാടൻ പശുവിനുള്ള ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പെരിയാമ്പ്ര തോനാനിക്കുന്നേൽ മിലന്റെ സഹിവാൾ ഇനത്തിൽപ്പെട്ട പശുവിന് ലഭിച്ചു. അമ്പതിനായിരം രൂപയുടെ രണ്ടാം സമ്മാനം ബേബി മാത്യു സോമതീരത്തിന്റെ ഗീർ ഇനത്തിൽപ്പെട്ട പശുവിന് ലഭിച്ചു. മൂന്നാം സമ്മാനം കോട്ടയം കുര്യനാട് ഇടത്തിനാൽ ലക്ഷ്മിയുടെ ടാർപാർക്കറിനും ലഭിച്ചു. ജേഴ്‌സി, എച്ച്.എഫ്, സുനന്ദിനി പശുക്കളിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവയ്ക്ക് ഇരുപതിനായിരം രൂപയുടെയും പതിനായിരം രൂപയുടെയും അവാർഡുകളും സമ്മാനിച്ചു. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരമുണ്ടായിരുന്നു. സമ്മാനം നേടിയ പശുക്കളുടെ ഉടമകൾക്ക് ബ്രാഹ്മിൺസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റർ ഫോർ ബയോ റിസോഴ്‌സസ് ഡയറക്ടർ ഡോ. അനി എസ്. ദാസ്, കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജോർജ് എന്നിവർ പങ്കെടുത്തു.