kuilamala

ഇടുക്കി: കുയിലിമല എ. ആർ ക്യാമ്പിന് പിന്നിൽ കാടുകയറിക്കിടന്ന സ്ഥലം ഇപ്പോൾ ചെന്ന് നോക്കിയാൽ അതിശയിച്ച് പോകും, അവിടം ഇപ്പോഴൊരു കൃഷിത്തോട്ടമാണ്. പടവലം, കോളി ഫ്‌ളവർ, ചീര, പയർ, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളുടെ കൃഷി ഇവിടെ വിജയകരമായി നടക്കുകയാണ്..

കൊവിഡ് കാലത്തെ തിരക്കിട്ട ജോലിക്കിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർ കൃഷിക്ക്കൂടി സമയം കണ്ടെത്തിയത്. കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഐമാരായ കെ.കെ സുധാകരൻ, പി.എച്ച് ജമാലിന്റെയും നേതൃത്വത്തിൽ കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷിക്കാരനായ പൈനാവ് സ്വദേശി രഘുവും ഇവരെ സഹായിക്കുന്നുണ്ട്. വാഴത്തോപ്പ് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. കൃഷി അസിസ്റ്റന്റ് സി. എസ് ദയയും മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.ക്യാമ്പിലെ അറുന്നൂറോളം വരുന്ന പൊലീസുകാരുടെ മെസ്സിലേക്ക് ഇവിടുന്നാണ് പച്ചക്കറി എടുക്കുന്നത്.പച്ചക്കറി കൃഷിയോടൊപ്പം രണ്ടു കുളങ്ങളിലായി മത്സ്യകൃഷിയും ഇതോടൊപ്പം പരിപാലിക്കുന്നുണ്ട്.