തൊടുപുഴ: നിർദ്ദിഷ്ട ശബരി റെയിൽപാത കടന്നു പോവുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ, മണക്കാട്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്റർ ദൂരം. തൊടുപുഴയിൽ മണക്കാട്‌- തൊടുപുഴ റോഡും കോലാനി- വെങ്ങല്ലൂർ ബൈപാസും ചേരുന്നിടത്ത് ഫ്ലൈ ഓവറിലൂടെയാണ്

റെയിൽപാത പോകും. ഇവിടെ നിന്ന് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും ടണൽ നിർമിക്കും. നെല്ലാപ്പാറയിൽ നിന്ന് ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ടണൽ കുറിഞ്ഞിക്ക് സമീപമാണ് അവസാനിക്കുന്നത്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാൽ രാമപുരത്താകും അടുത്ത റെയിൽവെ സ്റ്റേഷൻ. പിഴക് വരെ സ്ഥലമേറ്റെടുക്കാൻ 2006ലാണ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത്. റെയിൽവെ കല്ലിട്ട് സ്ഥലവും അടയാളപ്പെടുത്തി. ഇവിടെ വരെ റെയിൽവെയും റവന്യൂ വിഭാഗവും ചേർന്ന് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. ഈ ഭാഗം വരെ സ്ഥലമെടുപ്പ് വേഗത്തിലാക്കാനാവും. ബാക്കി ഭാഗത്ത് ഇരുവിഭാഗവും സംയുക്ത സർവേ പൂർത്തിയാക്കണം. പദ്ധതി യാഥാർത്ഥമായാൽ റെയിൽവേയില്ലാത്ത ജില്ലയെന്ന ഇടുക്കിയുടെ ചീത്തപ്പേര് മാറും.

സ്വാഗതം ചെയ്ത് രാഷ്ട്രീയപാർട്ടികൾ

ശബരിറെയിൽ പദ്ധതിയുടെ അമ്പത് ശതമാനം തുക സംസ്ഥാനം വഹിക്കുമെന്ന കേരള സർക്കാരിന്റെ തീരുമാനത്തെ രാഷ്ട്രീയഭേദമന്യേ പാർട്ടികൾ സ്വാഗതം ചെയ്തു. ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സർക്കാരിന് നന്ദി അറിയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വികസനം ഒരു തുടർപ്രക്രിയയാണ്. 2015 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത നയപരമായ തീരുമാനമായ ശബരിറെയിൽവേ പദ്ധതിയുടെ പകുതി പദ്ധതി വിഹിതം കേരളം വഹിക്കുമെന്ന തീരുമാനം ഈ സർക്കാർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അങ്ങനെ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ പദ്ധതിയുടെ പകുതിയിലധികം പൂർത്തീകരിക്കാമായിരുന്നു. അനാവശ്യമായ ആ തീരുമാനം മൂലം 4.5 വർഷമാണ് നഷ്ടമായത്. ഇക്കാലമത്രയും ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിൽ വരുത്തുവാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന ശബരി ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും അങ്കമാലി മുതലുള്ള പദ്ധതി പ്രദേശത്ത് സമര രംഗത്ത് സജീവമായ നാട്ടുകാർക്കും പ്രത്യേകം അഭിവാദ്യമറിയിക്കുന്നതായും എം.പി പറ‌ഞ്ഞു.

അതേസമയം രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്നിരുന്ന അങ്കമാലി ശബരി റെയിൽ പാത നിർമ്മാണത്തിന് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ എടുത്ത ധീരമായ നിലപാട് സ്വാഗതാർഗമാണെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി പറഞ്ഞു. രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന എരുമേലി വഴിയുള്ള ശബരി റെയിൽ പദ്ധതിയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഇനി സ്ഥലം ഉടമകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകി അടിയന്തിരമായി ഭൂമി തർക്കം കൂടാതെ ഏറ്റെടുക്കാൻ നടപടി ഉണ്ടാകണമെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് സെകട്ടറി പി.പി. ജോയി ആവശ്യപ്പെട്ടു.