തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ ആഴം അളക്കുന്നതിനും അണക്കെട്ടിൽ അടിഞ്ഞു കൂടിയ ചെളിയും മണലും എത്രയെന്ന് കെണ്ടെത്തുന്നതിനും നടത്തി വന്ന ബാത്ത് മെട്രിക്കൽ സർവേ പൂർത്തിയായി. ജലവിഭവ വകുപ്പിന് കീഴിൽ പീച്ചിയിലുള്ള കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (കെറി ) ആണ് അണക്കെട്ടിൽ പഠനം നടത്തിയത്. ഡാമിൽ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് ഉടൻ തന്നെ അധികൃതർക്ക് നൽകുമെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡപ്യൂട്ടി ഡയറക്ടർ ദിവ്യ പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പഠനം നടത്തിയത്. ബോട്ടിൽ ഘടിപ്പിക്കുന്ന മൾട്ടി ബീം എക്കോ സൗണ്ടർ ഉപയോഗിച്ചുള്ള മൾട്ടിബീം സർവേയിംഗ് ആണ് ജലാശയത്തിൽ നടത്തിയത്. പ്രളയത്തിലേതുൾപ്പെടെ ഉരുൾപൊട്ടലുകളിലൂടെയും മറ്റും വൻ തോതിൽ ചെളിയും കല്ലും ഡാമിൽ അടിഞ്ഞിരുന്നു. ഇത് ഡാമിന്റെ സംഭരണ ശേഷിയിൽ കുറവുണ്ടാക്കിയ സാഹചര്യത്തിലാണ് മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പഠനം. കേരളത്തിലെ മറ്റ് ഡാമുകളിലും ഇൻസ്റ്റിറ്റൂട്ടിന്റെ നേതൃത്വത്തിൽ ബാത്ത് മെട്രിക്കൽ സർവേ നടന്നു വരുന്നുണ്ട്. മണലും ചെളിയും അടിഞ്ഞ് സംഭരണ ശേഷി കുറഞ്ഞ ഡാമുകളിൽ നിന്നും മണൽ വാരാനുള്ള സർക്കാർ നീക്കത്തിന്റെ പ്രാരംഭമെന്ന നിലയ്ക്കാണ് ജലാശയങ്ങളിൽ ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ചുള്ള പഠനം നടത്തുന്നത്. മലങ്കര ഉൾപ്പെടെ ജലവിഭവ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 11 ഡാമുകളിൽ നിന്ന് മണൽ നീക്കം ചെയ്യാനാണ് സർക്കാർ തീരുമാനം