ഇടുക്കി:ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2021' വഴി ഉടുമ്പൻചോല താലൂക്കിൽ ലഭിച്ച 38 പരാതികളിൽ 32 എണ്ണവും തീർപ്പാക്കി. ഉടുമ്പൻചോല താലൂക്കിലും താലൂക്കിന് കീഴിലുള്ള പതിനെട്ടു വില്ലേജ് ഓഫീസുകളിലുമായി 14 പരാതിക്കാർ വീഡിയോ കോൺഫറൻസിലൂടെ അദാലത്തിൽ പങ്കെടുത്തു. വില്ലേജ് ഓഫീസുകളെയും താലൂക്ക് ഓഫീസും കളക്ടറേറ്റും ബന്ധപ്പെടുത്തി വീഡിയോ കോൺഫറൻസായാണ് അദാലത്ത് നടത്തിയത്. ഐടി മിഷനാണ് വീഡിയോ കോൺഫറൻസിന് സാങ്കേതിക സൗകര്യം ഒരുക്കിയത്.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട് വസ്തു അതിർത്തി തർക്കം, പട്ടയപ്രശ്‌നം, സർവ്വേറീസർവ്വേ നടപടികളിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികൾ ലഭിച്ചത്.
അദാലത്തിൽ ജില്ലാ കളക്ടർക്കു വേണ്ടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ കളക്ട്‌റേറ്റിലും ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ തഹസിൽദാർ നിജു കുര്യനും അദാലത്തിന് നേതൃത്വം നൽകി.