ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തിലെ 4 പൊതുമരാമത്തു റോഡുകൾക്കായി 26 കോടി രൂപയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽ എ അറിയിച്ചു.
വാത്തിക്കുടി കൊന്നത്തടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കാശ്ശേരി -കമ്പിളികണ്ടം റോഡ് (4 കോടി), ഗ്രാമീണ മേഖലകളിൽ കൂടി കടന്നുപോകുന്ന മേലേചിന്നാർ- കനകക്കുന്ന്-പെരുംത്തൊട്ടി-പ്രകാശ് റോഡ് (10 കോടി), പ്രകാശ്-വെട്ടിക്കാമറ്റം റോഡ് (4 കോടി), പ്രകാശ്-കരിക്കിൻമേട്- ഉപ്പുതോട് റോഡിന് രണ്ട് പദ്ധതികളിലായി 8 കോടി രൂപ എന്നീ നിർമ്മാണങ്ങളാണ് ഉടൻ ആരംഭിക്കുന്നത്. ബിഎംബിസി നിലവാരത്തിലാണ് ഈ റോഡുകൾ നിർമ്മിക്കുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡുകൾക്ക് തുക അനുവദിച്ചു തുടർ നടപടികൾ പൂർത്തിയായിരിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡിന്റെ ലെവെൽസ് എടുക്കുകയും നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ സപ്ലൈ ചെയ്തിട്ടുണ്ട്. റോഡുകൾ പൂർത്തിയാകുന്നതോടെ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകൾ എല്ലാം ബിഎംബിസി ഗുണനിലവാരത്തിലേക്ക് മാറും.
ഇടുക്കി -തൊടുപുഴ റോഡ്, കരിമ്പൻ- മുരിക്കാശ്ശേരി റോഡ് എന്നിവ ബിഎംബിസി നിലവാരത്തിലുള്ള നിർമ്മാണം അവസാന ഘട്ടത്തിലാണ്. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 19 കോടി രൂപ അനുവദിച്ചിരുന്ന പൈനാവ്-തീയേറ്റർപടി-താന്നിക്കണ്ടംവാഴത്തോപ്പ്-തടിയംപാട്-മരിയാപുരം-ഇടുക്കിബൈപാസ്സ് റോഡ് കിഫ്ബി പദ്ധതിയിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ പുതുക്കിയ ഡിപിആർ തയ്യാറാക്കി ചീഫ് എഞ്ചിനീയർക്ക് നൽകിയിരിക്കു കയാണ്. നടപടികൾ പൂർത്തിയാക്കി ഈ റോഡും ഏതാനും മാസങ്ങൾക്കകം ആരംഭിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.