ചെറുതോണി: അടുത്ത അഞ്ചു വർഷംകൊണ്ട് പിന്നാക്ക ജില്ലയായ ഇടുക്കിയെ മുന്നാക്ക ജില്ലയാക്കുമെന്നും ഇടുക്കി ജില്ലാ പഞ്ചായത്തിലെ 16 മെമ്പർമാരും കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനപ്രവർത്തനങ്ങൾ നടത്തുമെന്നും പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചർ എന്നിവരറിയിച്ചു. ജില്ലാപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പിനുശേഷം മാദ്ധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ചരിത്രത്തിലാദ്യമായി അരമണിക്കൂർകൊണ്ട് സ്റ്റാന്റിംഗ് കമ്മറ്റിതെരഞ്ഞെടുപ്പ് പുർത്തിയാക്കിയതായി ജിജി പറഞ്ഞു. ജില്ലാ കളക്ടറും സർക്കാരുമായി ആലോചിച്ച് വാഴത്തോപ്പിൽ കെ.എസ്.ഇ.ബിയുമായി തർക്കത്തിലുള്ള സ്ഥലത്തിന്റെ പ്രശ്നം പരിഹരിച്ച് ഏറ്റെടുക്കും. ഗവ. സ്‌കൂൾ ഗ്രൗണ്ട് പുനർനിർമ്മിക്കാൻ നടപടിയെടുക്കും. ട്രൈബൽ മേഖലയിൽ അനുവദിക്കുന്ന പദ്ധതികൾ മുഴുവൻ പൂർത്തിയാക്കും. ടൂറിസം വികസനത്തിനായി ജില്ലയിലെ ടൂറിസം സെന്ററുകൾ ഏകോപിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ വാഹനം, താമസം, ഭക്ഷണം ഉൾപ്പെടെ സന്ദർശകർക്ക് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കും. പദ്ധതികൾ തയ്യാറാക്കുമ്പോൾ കാർഷിക, ക്ഷീര, ടൂറിസം, വിദ്യാഭ്യാസ മേഖലയിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം വിളിച്ച ശേഷം പദ്ധതികൾ തയ്യാറാക്കും. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. ഒഴിവുള്ള കെട്ടിടങ്ങളിൽ ചെറുകിട വ്യവസായങ്ങളാരംഭിക്കും. ഇതിനു ലീഡ് ബാങ്കിന്റെ സഹായമുറപ്പാക്കുമെന്നും ചെറുകിട കർഷകരെയും ക്ഷീര കർഷരേയും സഹായിക്കാൻ പ്രത്യേകം പദ്ധതികൾ തയ്യാറാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വി.എൻ. മോഹനൻ, രാരിച്ചൻ നീർണാകുന്നേൽ, പ്രൊഫ. എം.ജെ. ജേക്കബ് എന്നിവരും പങ്കടുത്തു.