car
വെള്ളപ്പാറയിൽ അപകടത്തിൽപ്പെട്ട കാർ

ചെറുതോണി: ആശാസ്ത്രീയമായി റോഡുനിർമ്മിച്ചതിനെത്തുടർന്ന് വെള്ളപ്പാറയിൽ വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്. പുതിയതായി കലിങ്ക് നിർമ്മിക്കുന്നതിനു പകരം റോഡ് താഴ്ത്തി നിർമ്മിച്ച് സ്ഥലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ വാഹനം മറ്റൊരുവാഹനത്തിലിടിച്ചു തെറുപ്പിക്കുകയും തെറിച്ചുപോയ വാഹനം കട്ടിംഗിലിടിച്ച ശേഷം താഴെവീഴുകയായിരുന്നു. കാറിൽ മൂന്നു പെൺകുട്ടികളും ഡ്രൈവറുമാണുണ്ടാ യിരുന്നത്. ഉടുമ്പന്നൂർ സ്വദേശികളായ ഇവർ കട്ടപ്പനയിൽ പി.എസ്.സി പരീക്ഷ എഴുതിയശേഷം തിരികെ പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിനു ഗുരുതരമായ പരിക്കുപറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഡ്രൈവർക്ക് മുഖത്തിനു പരിക്കുപറ്റിയിട്ടുണ്ട്. ഇടിച്ച വാഹനം നിറുത്താതെ പോവുകയും ചെയ്തു. ലെവൽ റോഡിൽ വെട്ടിത്താപ്പുണ്ടാക്കിയിരിക്കുന്നത് ഡ്രൈവർമാർക്ക് അടുത്തുവന്നാൽ മാത്രമേ കാണാൻകഴിയുകയുള്ളൂ. വേഗതയിൽ വരുന്നവാഹനം പെട്ടെന്ന് കുഴിയിലേക്കു വീഴുന്നതാണ് അപകടകാരണം. കലിങ്കുപണിയാൻ കഴിയില്ലെങ്കിൽ റോഡ് ലെവലിൽ തന്നെ പണിയണമെന്നാണ് നാട്ടുകാരുടെയാവശ്യം. ഇവിടെ സൂചനബോർഡുപോലും സ്ഥാപിച്ചിട്ടില്ല. ഇടുക്കി -കുളമാവ് റോഡിൽ പലസ്ഥലത്തും ഇതുപോലെ താഴ്ത്തി പണിതിട്ടുണ്ട് അവിടെയെല്ലാം അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കയാണ്.