തൊടുപുഴ: ജില്ലയിൽ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി കൊവിഡ് ചികിത്സ നൽകാൻ തീരുമാനം. തൊടുപുഴ, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിലെ ആറ് ആശുപത്രികളിൽ ഇനി മുതൽ കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കും. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നത് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടിയുടെ ഇടപെടലിനെ തുടർന്നാണ് ജില്ലയിൽ സ്വകാര്യ ആരോഗ്യ മേഖലയിലും കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്. ജില്ലയിൽ കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ വിവരാവകാശ പ്രവർത്തകനായ ടോം. തോമസ് പൂച്ചാലിലാണ് പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയെ സമീപിച്ചത്. കൊവിഡ് ബാധിച്ച രോഗി മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി മെഡിക്കൽ കോളജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ഗുരുതര രോഗികൾക്ക് വെന്റിലേറ്റർ സൗകര്യം പോലും ലഭിച്ചിരുന്നില്ല. ആരോഗ്യ നില വഷളാവുന്ന രോഗികളെ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടമാകുന്ന സാഹചര്യവുമായിരുന്നു. ഇതോടെയാണ് അഥോറിറ്റി പ്രശ്‌നത്തിൽ ശക്തമായ ഇടപെടൽ നടത്തിയത്. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അഥോറിറ്റിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടറും ആശുപത്രികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിൽ ആറ് ആശുപത്രികളാണ് കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചികിൽസ സൗജന്യമാക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. കാരുണ്യ സുരക്ഷ പദ്ധതിയ്ക്കു കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളിലാണ് കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക. പുതുതായി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളും ഇതിൽപ്പെടും. ചികിത്സാ കാർഡ് ഇല്ലാത്ത രോഗികൾ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന റെഫറിംഗ് ലെറ്ററുമായി എത്തിയാൽ മാത്രമാണ് ചികിത്സ സൗജന്യമായി ലഭിക്കുക.

 സൗജന്യ ചികിത്സ നൽകുക ഈ ആശുത്രികൾ

അൽ- അസ്ഹർ മെഡിക്കൽ കോളേജ്, തൊടുപുഴ

ചാഴികാട്ട് ആശുപത്രി, തൊടുപുഴ

സെന്റ് മേരീസ് ആശുപത്രി, തൊടുപുഴ

ഹോളിഫാമി, മുതലക്കോടം

സെന്റ് ജോൺസ്, കട്ടപ്പന

ഹൈറേഞ്ച് ആശുപത്രി, മൂന്നാർ