 മലങ്കരയിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി മാസ്റ്റർ പ്ലാൻ

തൊടുപുഴ: മലങ്കര അണക്കെട്ടിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെെയും ജില്ലാ ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിന്റെയും നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. എം.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന ദ്രുത കർമ്മസേനയുടെ ഒരു യൂണിറ്റ് മലങ്കരയിൽ സജ്ജമാക്കും. പ്രാദേശത്തെ യുവജനങ്ങളെ ദ്രുതകർമ്മസേനയിൽ ചേർക്കും. ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകും. മുട്ടം, കുടയത്തൂർ, അറക്കുളം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന മലങ്കര അണക്കെട്ടിലെ ജല സംഭരണിയിൽ മനുഷ്യ ജീവൻ പൊലിയുന്നത് തുടർസംഭവമായതിനെ തുടർന്നാണ് എം.പിയും ഫയർ ആന്റ് റസ്‌ക്യൂ വകുപ്പും രംഗത്ത് എത്തിയത്. മലങ്കര ടൂറിസം ഹബ്ബും അണക്കെട്ടും സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾ മുന്നറിയിപ്പുകൾ അവഗണിച്ച് ജല സംഭരണിയിൽ ഇറങ്ങുന്നതാണ് അപകടമുണ്ടാക്കുന്നതിന്റെ പ്രധാന കാരണം. അധികൃതർ വിലക്കിയാലും അതെല്ലാം അവഗണിച്ച് അവരുടെ കണ്ണിൽപ്പെടാതെ ആളുകൾ വെള്ളത്തിൽ ഇറങ്ങും. സെൽഫി എടുക്കാനും കൈകാലുകൾ നനയ്ക്കാനും കുളിക്കാനും വേണ്ടിയാണ് ചിലർ വെള്ളക്കെട്ടിൽ ഇറങ്ങുന്നതെങ്കിൽ മറ്റ് ചിലരുടെ ലക്ഷ്യം മദ്യപാനവും മറ്റ് ഉല്ലാസങ്ങളുമാണ്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. സിനിമ നടൻ അനിൽ നെടുമങ്ങാടാണ് ഇത്തരത്തിൽ അവസാനമായി പൊലിഞ്ഞത്. ഇതിനെല്ലാം പരിഹാരമായി സുരക്ഷ ഒരുക്കാനാണ് എം.പിയും ഫയർ ആന്റ് റസ്‌ക്യൂ വകുപ്പും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വെള്ളത്തിൽ വീണ് അപകടത്തിൽപ്പെടുന്നവരെ മാത്രമല്ല പ്രകൃതിക്ഷോഭം, തീ പിടുത്തം, വാഹന അപകടം എന്നിവിടങ്ങളിലെല്ലാം ഉടൻ എത്തി അടിയന്തിരമായ രക്ഷാപ്രവർത്തനം നടത്താനും പ്രഥമിക ചികിത്സ നൽകാനും ദ്രുതകർമ്മസേനക്ക് വിദഗ്ദ്ധ പരിശീലനം നൽകും.


"ദ്രുത കർമ്മസേനയിൽ പ്രദേശത്തെ യുവാക്കളെ ഉൾപ്പെടുത്തി ഒരു യൂണിറ്റ് മലങ്കരയിൽ സജ്ജമാക്കും. ഇവർക്ക് വിദഗ്ദ്ധ പരിശീലനവും നൽകും"

-ഡീൻ കുര്യാക്കോസ് എം.പി

"അണക്കെട്ടിന്റെയും ടൂറിസം ഹബ്ബിന്റെയും പരിസരങ്ങളിൽ സ്ഥാപിക്കാനുള്ള അപകട മുന്നറിയിപ്പ് ബോർഡുകൾ സജ്ജമായി. പഞ്ചായത്തിന്റെ സഹകരണത്തോടെ യുവജനങ്ങളെ തിരഞ്ഞെടുത്ത് സുരക്ഷ ഒരുക്കാൻ കഴിയുന്ന 'സിവിൽ ഡിഫൻസ് ഫോഴ്‌സ് ' രൂപീകരിക്കുന്ന കാര്യം പരിഗണിക്കും"

-റെജി പി. കുര്യാക്കോസ്

(ഫയർ ആന്റ് റസ്‌ക്യൂ ജില്ലാ ആഫീസർ)