ഇടുക്കി: വർക്കല ശിവഗിരി കുന്നിൽ നിന്നാണ് അവരുടെ സൗഹൃദം തുടങ്ങിയത്. ആലപ്പുഴ ചന്ദിരൂരുകാരൻ കരുണാകരസ്വാമിയും ഇടുക്കിക്കാരൻ ഭാനുപണിക്കരും. ഗുരുവിന്റെ സമാധിയിലേക്കുള്ള തീർത്ഥാടനത്തിന്റെ മുപ്പതുകളിലെ ആരംഭകാലങ്ങളിൽ അവർ അവിടെയുണ്ട്. 1970ന്റെ തുടക്കത്തിൽ അവർ വീണ്ടും ഇടുക്കിയിൽ വച്ച്.കണ്ടുമുട്ടി ശാന്തിഗിരി സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര. ഗുരുവിന്റെ ഇടുക്കിയിലേക്കുള്ള ആദ്യ ചുവട് വയ്പ്പായിരുന്നു ഈ സന്ദർശനം. ശാന്തിഗിരിയുടെ ആദ്യ ബ്രാഞ്ചാശ്രമം കല്ലാറിൽ സ്ഥാപിതമാകാനും ഈ കൂടികാഴ്ച വഴിതെളിച്ചു. ഭാനുപണിക്കർ വീടിനോടടുത്ത് സമർപ്പിച്ച സ്ഥലത്താണ് ശാന്തിഗിരി ആശ്രമം ആരംഭിച്ചത്. 1971 ഏപ്രിൽ 23ന് പ്രാർത്ഥനാലയത്തിൽ കരുണാകര ഗുരു പ്രതിഷ്ഠാകർമ്മം നടത്തി. അത് നേരിൽ കാണാൻ ചോറ്റുപാറയിലുള്ള തേക്കേക്കൂറ്റ് ഭവനത്തിൽ നിന്ന് പിതാവ് ടി.കെ. ചെല്ലപ്പൻപിള്ളയ്ക്കും മാതാവ് പി.എൻ. രത്‌നമ്മയ്ക്കുമൊപ്പം എത്തിയ രാധ എന്ന ആറുവയസുകാരി ഗുരുവിനെ കണ്ട നാൾതന്നെ ഗുരുവിനോടൊപ്പം ആശ്രമത്തിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ചു. പിന്നീട് ഗുരുവിനോടൊപ്പം രാധ ആശ്രമത്തിലെത്തി. 1973 മേടമാസം 14ന് രാധയുടെ ആശ്രമജീവിതം ആരംഭിച്ചു.

1984 ഒക്ടോബർ നാലിന് വിജയദശമി നാളിൽ ശാന്തിഗിരിയിൽ ശ്രീകരുണാകര ഗുരുവിന്റെ തൃക്കരങ്ങളിൽ നിന്ന് സന്ന്യാസദീക്ഷ ഏറ്റുവാങ്ങി രാധ ജനനി അമൃത ജ്ഞാനതപസ്വിനിയായി. ഗുരുവിനോടൊപ്പം ഒരു നിഴൽ പോലെ ജനനി എല്ലാവർക്കും ഒരാശ്രയമായി നിലകൊണ്ടു. 1999 മേയ് 6ന് ഗുരു ആദിസങ്കല്പത്തിൽ ലയിച്ച സമയം. ഗുരു ജീവിച്ചിരുന്നപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് അപ്രകാരം തന്നെ ജനനി തുടർന്നും കാര്യങ്ങൾ നിർവ്വഹിച്ചു.

1982 ഏപ്രിൽ മാസത്തിൽ നവജ്യോതി ശ്രീ കരുണാകരഗുരു ശിഷ്യപൂജിതയുടെ ഭവനത്തിൽ വന്നിട്ടുണ്ട്. പൂജാമുറിയിൽ ഗുരു അന്ന് വിളക്ക് തെളിയിച്ചു. രാമക്കൽമേട്ടിലുള്ള ശിഷ്യപൂജിതയുടെ കുടുംബവീടും 5 ഏക്കർ സ്ഥലവും 2006 ജനുവരി 12ന് ആശ്രമം ഏറ്റെടുത്തു. ജനുവരി 10ന് ശാന്തിഗിരി ആശ്രമം രാമക്കൽമേട് ബ്രാഞ്ചിന്റെ തിരിതെളിയിക്കൽ കർമ്മം നടക്കുന്നതോടെ ഗുരുശിഷ്യബന്ധത്തിന്റെ ചരിത്രസാക്ഷ്യങ്ങൾ ഉണർത്തുന്ന പുണ്യഭൂമിയായി ഈ പ്രദേശം മാറും. ജില്ലയിലെ മൂന്നാമത്തെ ഉപാശ്രമമാണിത്. ജനുവരി 10ന് രാവിലെ ഒമ്പതിനാണ് തിരിതെളിക്കുന്നത്.