കുമളി: തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ് പുരട്ച്ചി തലൈവി ജയലളിതയുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമ തേക്കടി റോസ് പാർക്കിൽ ഹരീസ് വാക്‌സ് സ്മ്യൂസിയത്തിൽ പ്രദർശനത്തിന്. ശില്പി കുമ്പനാട് ഹരികുമാറാണ് ജയലളിതയുടെ മെഴുക് പ്രതിമ നിർമ്മിച്ചത്. ജയലളിതയുടെ പ്രവർത്തന മികവും തമിഴ് ജനതയ്ക്ക് അവരോടുള്ള സ്‌നേഹാദരവുമാണ് പ്രതിമ നിർമ്മിക്കാൻ പ്രചോദനമായതെന്ന് ഹരികുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മൈക്കിൾ ജാക്‌സൺ, സ്വാമി വിവേകാനന്ദൻ, മമ്മൂട്ടി, മോഹൻലാൽ, ഷാരുഖ് ഖാൻ, രജനികാന്ത്, സൽമാൻ ഖാൻ, കലാഭവൻ മണി, സണ്ണി ലിയോൺ, വിജയ് തുടങ്ങി നിരവധിപ്പേരുടെ മെഴുക് പ്രതിമകളും ഇന്ന് മുതൽ സന്ദർശകർക്ക് മ്യൂസിയത്തിൽ കാണാനാകും. ഓരോ വ്യക്തികളുടെയും ഉയരത്തിന് അനുസരിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രതിമ നിർമ്മിക്കാൻ രണ്ട് മാസത്തോളം സമയമെടുക്കുമെന്ന് ഹരികുമാർ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് ചെലവ്. റോസ് പാർക്കിൽ എത്തുന്ന തമിഴ്നാട്ടുകാർക്ക് ജയലളിതയുടെ പ്രതിമ ഒരു അദ്ഭുതമായി മാറും.