തൊടുപുഴ: ആഭ്യന്തര വിപണിയിൽ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിൽ കാറിൽ കടത്തിയ കേസിൽ അഭിഭാഷകനും സഹകരണബാങ്ക് മുൻ അസിസ്റ്റന്റ് മാനേജരും ഉൾപ്പെടെ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും പിഴയും. അഞ്ച് പേരെ വിട്ടയച്ചു. എൻ.ഡി.പി.എസ്. കോടതി ജഡ്ജി നിക്‌സൺ എം. ജോസഫാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിൽ ജയിലായതിനാൽ രണ്ട് പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.

ജില്ലാ സഹകരണബാങ്ക് വട്ടവട ശാഖയിലെ മുൻ അസി. മാനേജർ നെടുങ്കണ്ടം തിരുവല്ലാപ്പടി ഉറുമ്പിൽ വീട് എബിൻ ദിവാകരൻ, രാമക്കൽമേട് പതാലിൽ അഡ്വ. ബിജു രാഘവൻ (40), ശാന്തൻപാറ പന്തലാൽ ഷിനോജോൺ (42), മുൻ ശിവസേനാ നേതാവ് മുണ്ടിയെരുമ പുത്തൻപുരയ്ക്കൽ അഞ്ജുമോൻ (41) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിൽ ഒന്നാം പ്രതി എബിൻ ദിവാകരൻ ഒന്നരലക്ഷം രൂപ പിഴയും ബാക്കി മൂന്ന് പേരും ഒരു ലക്ഷം രൂപാ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2017 ആഗസ്റ്റ് 20ന് കട്ടപ്പനയിലാണ് വൻ ഹാഷിഷ് ഓയിൽ വേട്ട നടന്നത്. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന, കുമളി, വണ്ടിപ്പെരിയാർ സ്റ്റേഷനുകളിലെ എസ്.ഐമാരായ കെ.എം. സന്തോഷ് കുമാർ, ജോബി തോമസ്, ബ്രിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരശോധന നടത്തുകയായിരുന്നു.
വാഹന പരശോധന നടത്തുന്നത് കണ്ട് കാറോടിച്ചിരുന്ന എബിൻ ദിവാകരൻ ഇറങ്ങി ഓടി. സംശയം തോന്നി വാഹനം പരശോധിച്ചപ്പോൾ പിൻസീറ്റിനടിയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ മുളകുപൊടിയും ആയുധങ്ങളും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ബിജു, ഷിനോ, അഞ്ജുമോൻ എന്നിവരെ അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തു. കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഹാഷിഷ് ഓയിൽ കൊണ്ടുവന്നിരിക്കുന്നത് ആന്ധ്രയിൽ നിന്നാണെന്ന് മനസിലായി. പ്രതികൾ ധാരാകോണ്ടയിലെ മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഹാഷിഷ് ഓയിൽ ചെന്നൈ വഴി ശാന്തൻപാറയിലെത്തിച്ചു. കുറച്ച് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവ വിൽക്കാൻ കൊണ്ടുപോകവെയാണ് കട്ടപ്പനയിൽ പിടിയിലാകുന്നത്. ഓടി രക്ഷപ്പെട്ട എബിനെ പിന്നീട് വണ്ടൻമേട്ടിൽ നിന്ന് സി.ഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആന്റണിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.