ഇടുക്കി: ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. മൂന്നാർ ടീ കൗണ്ടിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര സെന്റ് മുതൽ 10 സെന്റ് വരെ വീടുവച്ച് കഴിയുന്നവർക്കും പട്ടയം നൽകാൻ കഴിയുമോ എന്ന് ആലോചിക്കണം. പട്ടയം കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും കിട്ടുന്നവർക്ക് അത് അവകാശവുമാണ് ജില്ലയിൽ ഫെബ്രുവരി പകുതിയിൽ 10,​000 പേർക്കു കൂടി പട്ടയം നൽകാൻ നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഇതു വരെ ഏഴു പട്ടയമേളകളിലായി ജില്ലയിൽ 31 820 പേർക്കു പട്ടയം നൽകി. ജില്ലയിൽ ഇനിയും ശേഷിക്കുന്ന പരമാവധി പേർക്ക് പട്ടയം നൽകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി നിർദ്ദേശിച്ചു. മൂന്നു ചെയിൻ പട്ടയത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണം. ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദേവികുളം, വാഗ്വര, ലക്കം, മൂന്നാർ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള സാധ്യത പരിശോധിക്കണം. യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ, ഇടുക്കി ആർ.ഡി.ഒ പി.ജെ. സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.