ഇടുക്കി: അഞ്ച് മാസങ്ങൾക്കു മുമ്പ് ഇരുളിന്റെ മറവിൽ ഇരച്ചെത്തിയ ദുരന്തത്തിന്റെ നീറുന്ന ഓർമ്മളുമായി അവർ എത്തി. പെട്ടിമുടി ദുരന്തം കവർന്നെടുത്തവരുടെ അനന്തരാവകാശികൾ. മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, സഹോദരങ്ങളെ നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അച്ഛനെയും അമ്മയെയും അനുജനെയും ദുരന്തം കവർന്ന നിർമ്മലയായിരുന്നു ആദ്യം സഹായം ഏറ്റുവാങ്ങിയത്. 15 ദിവസം മുമ്പെ തമിഴ്‌നാട്ടിൽ നിന്നെത്തി കൊവിഡ് നിരീക്ഷണവും കഴിഞ്ഞ ശേഷമായിരുന്നു ഉറ്റവർക്ക് പകരമാവില്ലെങ്കിലും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങാൻ നിർമ്മല എത്തിയത്. മകനെയടക്കം 20 ബന്ധുക്കളെ ദുരന്തത്തിൽ നഷ്ടമായ ഷൺമുഖനാഥനും അച്ഛനെയും അമ്മയെയും നഷ്ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി. 39 പേരുടെ ആവകാശികളായ 81 പേർക്കായി ഒരു 1.95 കോടി രൂപയാണ് വിതരണം ചെയ്തത്. മന്ത്രി ഇ. ചന്ദ്രശേഖരൻ ദുരന്തത്തിനിരയായ ആദ്യത്തെ പത്തു കുടുംബങ്ങൾക്ക് വേദിയിൽ ധനസഹായം നൽകി.
ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ രസീതാണ് ചടങ്ങിൽ നൽകിയത്. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ഭവ്യ, സി. രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആനന്ദറാണി ദാസ്, എം. മണിമൊഴി, കവിത കുമാർ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഭവന നിർമാണം അന്തിമഘട്ടത്തിൽ: മന്ത്രി
പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട എട്ട് കുടുംബങ്ങൾക്കുള്ള വീട് നിർമാണം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്. പുനരധിവാസം വേഗത്തിലാക്കാൻ പ്രവർത്തനം നടന്നു വരികയാണ്. ദുരന്തമുണ്ടായപ്പോൾ ആധുനിക കാലഘട്ടത്തിന്റെ എല്ലാ വിധ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കും സഹായം
പെട്ടിമുടി ദുരന്തത്തിൽ എല്ലാം നഷ്ടമായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകളും വസ്ത്രങ്ങളും ഭക്ഷ്യകിറ്റുകളും സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ദുരന്തത്തിൽ അതിജീവിച്ചവരിൽ 21 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. സമഗ്രശിക്ഷ കേരളയുടെനേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നേരത്തെ തന്നെ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുതകുന്ന സ്മാർട്ട് ഫോണുകളും മറ്റ് സാഹായങ്ങളും നൽകിയത്.