മുട്ടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെളള വിതരണത്തിനായി സ്ഥാപിച്ച പ്രധാന പൈപ്പ് പൊട്ടി. മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിൽ നിന്ന് കൊല്ലംകുന്ന് ടാങ്കിലേക്ക് പമ്പിംഗ് നടത്തുന്ന പൈപ്പാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുട്ടം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തായി പൊട്ടിയത്. വെള്ളം റോഡിലേക്ക് വ്യാപകമായി ഒഴുകിയതിനെ തുടർന്ന് ഉടൻ പമ്പിഗ് നിറുത്തിവെച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, വാർഡ് മെമ്പർമാരായ അരുൺ പൂച്ചക്കുഴിയിൽ, സൗമ്യ സാജിബിൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് ഇന്നലെ രാവിലെ മുതൽ പൈപ്പ് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു. എറണാകുളത്ത് നിന്ന് മെക്കാനിക്കൽ ജോയിന്റ് എത്തിച്ച് പണികൾ പൂർത്തീകരിച്ച് ഇന്ന് മുതൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. നിരവധി സർക്കാർ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ജില്ലാ ജയിൽ, ആശുപത്രികൾ, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നിവ പ്രവർത്തിക്കുന്ന മുട്ടം പ്രദേശത്ത് കുടിവെള്ളം പമ്പ് ചെയ്യുന്നത് നിറുത്തി വെച്ചാൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും.