മൂലമറ്റം: മൂലമറ്റത്ത് കാട്ടുപന്നി ശല്യം രുക്ഷം. അഞ്ച് ഏക്കറോളം സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങളാണ് ഇതേ തുടർന്ന് നശിച്ചത്. അഴകത്ത് ബിജേയ്മോൻ, വട്ടമല രാജു ,പൊരിയത്ത് ജോമോൻ , പൊരിയത്ത് മൈക്കിൾ , അമ്പാറകുന്നേൽ ജിജി എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് ആഴ്ചകളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കപ്പ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിക്കുകയാണ് അൻപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായി കൃഷിക്കാർപറഞ്ഞു. ഇൻ്റർമീഡിയറ്റ് ആഡിറ്റ് റോഡിന് മുകളിലുള്ള പാറക്കെട്ടുകളിലും കാട്ടിലും ആണ് പന്നികൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുള്ളത്.തീറ്റയില്ലാതെ വരുമ്പോൾ ആഡിറ്റ് റോഡിന് താഴെയുള്ള കൃഷിസ്ഥലങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്. മുള്ളൻപന്നിയുടെ ശല്യവും പ്രദേശത്ത് ഉണ്ട് .കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് കൊണ്ട് ഇവറ്റകളെ കണ്ടാൽ അടുക്കാനും ഭയമാകും. മനുഷ്യരെ ആക്രമിക്കാനും സാദ്ധ്യത ഏറെയാണ്. കൃഷി ദേഹണ്ഡങ്ങൾ ചെയ്ത് ആദായം എടുക്കാറായപ്പോഴാണ് പന്നി ശല്ല്യം തുടങ്ങിയത് .ഇത് കർഷകരെയാകെ വലച്ചിരിക്കുകയാണ്. ഇതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വനം വകുപ്പധികാരികൾക്ക് നാട്ടുകാർ പരാതി നൽകി.