മറയൂർ: ഒറ്റയാന്റെ ആക്രമണത്തിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരിയായ യുവതിക്ക് പരിക്ക്. ചമ്പക്കാട് ആദിവാസി കുടിയിലെ പാപ്പാത്തിയ്ക്കാണ് (40) തലയ്ക്ക് ഗുരുതര പരിക്കുകളേറ്റത്. ഒപ്പമുണ്ടായിരുന്ന ഉമ (35) ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ചമ്പകാട്ടിൽ നിന്ന് ചിന്നാറിലെ ഹോട്ടലിലേക്ക് റോഡിലൂടെ നടക്കവെ ഒറ്റയാൻ പാഞ്ഞെത്തിയത്. പാപ്പാത്തി റോഡിൽ നിന്ന് കാടിനകത്തേക്ക് ഓടുകയും ഉമ റോഡിലൂടെ ഓടുകയും ചെയ്തു. പാഞ്ഞെത്തിയ ഒറ്റയാൻ പാപ്പാത്തിയെ തുമ്പിക്കൈകൊണ്ട് തട്ടി താഴെയിടുകയായിരുന്നു. തുടർന്ന് ഉമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ചതുപ്പിൽ കുടുങ്ങി കിടന്ന പാപ്പാത്തിയെ മറയൂർ സി.എച്ച്.സിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം ഇവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.