ഇടുക്കി: മൂന്നാറിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലാതല യോഗം ഇന്ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.ഹരിത ഇടനാഴികളും ഹരിതകർമ്മ സേനാ ചെക്ക് പോസ്റ്റുകളും പരിസ്ഥിതി സൗഹൃദ ബദൽ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഗ്രീൻ ഷോപ്പുകളുമെല്ലാമൊരുക്കുന്ന ഹരിതകേരളം മിഷൻ വിഭാവനം ചെയ്ത പദ്ധതി നടപ്പാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
മൂന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് കോ-ഓർഡിനേഷനും ഒപ്പം ഹരിതകേരളം, ശുചിത്വ മിഷൻ,മലിനീകരണ നിയന്ത്രണ ബോർഡ്,കുടുംബശ്രീ, തൊഴിലുറപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, യുഎൻഡിപി,വനം,വൈൽഡ് ലൈഫ്,ദേശീയ പാതാ അതോറിറ്റി,പൊതുമരാമത്ത് വകുപ്പ്,പോലീസ്,കെ.എച്ച്.ഡി.പി കമ്പനി തുടങ്ങിയ വിവിധ ഏജൻസികളുമായി കൈകോർത്താണ് മൂന്നാർ ഹരിത ടൂറിസം പദ്ധതി പ്രാവർത്തികമാക്കുക. മൂന്നാറിലേയ്ക്കുള്ള പ്രധാന പാതകളുൾപ്പെടുന്ന പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം, മറയൂർ,മാങ്കുളം,വട്ടവട തുടങ്ങിയ പഞ്ചായത്തുകളുമൊക്കെ പദ്ധതിയിൽ പങ്കാളികളാകും. പ്രധാന പാതകളിൽ എവിടെയൊക്കെയാണ് ഹരിത ചെക്ക് പോസ്റ്റുകളും മറ്റും സ്ഥാപിക്കുക തുടങ്ങിയ ഒട്ടേറെ സംഗതികൾ പദ്ധതിയുടെ ഭാഗമായി പ്ലാൻ ചെയ്യും

വാഗമണിലെ ടൂറിസംരംഗത്ത് ഏറെ മാറ്റങ്ങൾ വരുത്താൻ ശാന്തൻപാറ പഞ്ചായത്തിൽ നടത്തിയ ഹരിത ഇടനാഴികൊണ്ട് സാദ്ധ്യമായിരുന്നു. ഇവിടെ ഹരിത ചെക്ക്പോസ്റ്റുകൾ ഏറെ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്.