santhigiri
ശാന്തിഗിരി ആശ്രമം രാമക്കൽമേട് ബ്രാഞ്ചിന് തുടക്കംകുറിച്ച് ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി , പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി എന്നിവർ ചേർന്ന് തിരിതെളിയിച്ചപ്പോൾ. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ, സ്വാമി ജ്ഞാനദത്തൻ, സ്വാമി ജനപുഷ്പൻ,തുടങ്ങിയവർ സമീപം


നാടിന് സമർപ്പിച്ചത് ജില്ലയിലെ മൂന്നാമത്തെ ഉപാശ്രമം

നെടുങ്കണ്ടം: ഭക്തിയും ഗുരുമന്ത്രാക്ഷരങ്ങളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ശാന്തിഗിരിയുടെ രാമക്കൽമേട് ഉപാശ്രമത്തിന് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ 10 ന് നടന്ന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയാണ് ബ്രാഞ്ചാശ്രമം നാടിന് സമർപ്പിച്ചത്. . ഒരു മഹാഗുരു തന്റെ ശിഷ്യനെ തേടിയ ചരിത്രവും ഒരു ശിഷ്യൻ തന്റെ ഗുരുവിനെ കണ്ടെത്തിയതും ഇവിടെ നിന്നാണെന്ന് സ്വാമി പറഞ്ഞു. ഗുരു എന്ന സൂര്യനു കീഴെ ശിഷ്യപൂജിത കൊണ്ട വെയിലിന്റെ കനൽവഴിയാണ് ശാന്തിഗിരിയുടെ ആത്മീയ ചരിത്രം. ആ ത്യാഗത്തിന് സമാനതകളില്ല. ഈ വീടിനൊരു ചരിത്രമുണ്ട്. അതു ഇവിടെ കാണുന്ന ഈ കെട്ടിടത്തിന്റെ നാലു ചുവരുകളിലല്ല. ഇതു ഉൾവഹിക്കുന്ന ഒരു സന്ദേശമാണ് ലോകത്തിന് മുന്നിൽ ശാന്തിഗിരി സമർപ്പിക്കുന്നതെന്ന് സ്വാമി പറഞ്ഞു.ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 9 ന് പ്രത്യേക ആരാധനക്കും പ്രാർത്ഥനാ സങ്കൽപ്പങ്ങൾക്കും ശേഷം സന്യാസിമാർ ചേർന്ന് ശിലാഫലകം അനാഛാദനം ചെയ്തു . തുടർന്ന് തിരിതെളിയക്കൽ കർമ്മം നടന്നു. ആശ്രമ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ ജന്മഗൃഹമാണ് രാമക്കൽമേട്ടിലെ ഉപാശ്രമമായി മാറിയത്. ഇതൊടെ ശാന്തിഗിരിക്ക് ജില്ലയിൽ മൂന്ന് ഉപാശ്രമങ്ങളായി. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാഗതം പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി.എസ്.ബാബു, ഗ്രാമപഞ്ചായത്തംഗം രമ്യമോൾ. പി.എസ് , അർബൻ കോപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് എ.കെ.തങ്കപ്പൻ, ഒമാൻ മിഡിൽ ഈസ്റ്റ് കോളേജ് ഡീൻ ഡോ. ജി.ആർ. കിരൺ, ശ്രീലങ്കൻ കോൺസുലേറ്റ് അഡ്വൈസർ എ. ജയപ്രകാശ്, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, ആർ. സതീശൻ, സി.എൻ. രാജൻ, ബിനുകുമാർ. സി.ആർ എന്നിവർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇൻചാർജ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി കൃതജ്ഞത പറഞ്ഞു.