ഇടുക്കി: ഏലം കുത്തകപാട്ടഭൂമിയിൽ (സി.എച്ച്.ആർ) സാമ്പിൾ പ്ലോട്ട് സർവ്വേ നടത്താനുള്ള വനംവകുപ്പിന്റെ നീക്കം ചെറുത്തുതേല്പിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ. ഇത് നിർത്തിവയ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. കുത്തകപ്പാട്ട ഭൂമി മുഴുവൻ വനംഭൂമിയാണെന്ന് വരുത്തിത്തീർക്കാനുള്ള ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് സാമ്പിൾ പ്ലോട്ട് സർവ്വേയിലേയ്ക്ക് (സി.എച്ച്.ആർ) മേഖലയെ എത്തിച്ചതെന്ന് അദ്ദേഹംപറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ അഴിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കും. അടിമാലിക്കടുത്ത് പീച്ചാട് ഏലത്തോട്ടം വെട്ടിനശിപ്പിച്ച ഡി.എഫ്.ഒ. അടക്കമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് അന്വേഷിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.