ചെറുതോണി: മലപ്പുറത്തുനിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു. ഇന്നോവ കാറാണ് കുളമാവ് ചേരിയിൽ അപകടത്തിൽപെട്ടത്. കാറിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രധമ ശുശ്രൂഷക്കുശേഷം വിട്ടയിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം. മഴയിൽ റോഡിൽ വാഹനം തെന്നിമാറി റോഡിന്റെ പാരപ്പറ്റ് തകർത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ കാർ പലതവണ മലക്കം മറിഞ്ഞാണ് കൊക്കിയൽ പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപെട്ടത്. രണ്ടു വാഹനങ്ങളിലായാണ് മലപ്പുറത്തുകാരായ യുവാക്കൾ ഇടുക്കിയിലെത്തിയത്. മൂന്നാറിലെത്തിയ ശേഷം ഇടുക്കി അണക്കെട്ടും കണ്ട് തിരികെ പോകുന്നതിനിടെയാണ് അപകടം. കുളമാവ് പൊലീസും ഇടുക്കി, മൂമറ്റം ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു.