തൊടുപുഴ: ശബരി റെയിൽ പാത പദ്ധതി ചിലവിന്റെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനത്തെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സ്വാഗതം ചെയതു.

ഇടുക്കി ജില്ലയുടെ ചിരകാല സ്വപ്നമായിരുന്ന ശബരി റെയിൽ പാത തൊടുപുഴയിലൂടെ കടന്ന് പോകുന്നത് വ്യാപാരമേഖലയ്ക്കും ടൂറിസം മേഖലയ്ക്കും പുത്തനുണർവേകും.വ്യാപാരി വ്യവസായി നേതാവ് മാരിയൽ കൃഷ്ണൻ നായർ ശബരി പാതയ്ക്കായി ഏറെ സമരപോരാട്ടങ്ങൾ നയിച്ചിട്ടുണ്ട്. ശബരി റെയിൽ പാത ജനസാന്ദ്രത കൂടിയ മണക്കാട് ഒഴിവാക്കി മടക്കത്താനത്തുനിന്ന് ചിറ്റൂർകരിങ്കുന്നം വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ പദ്ധതി ചിലവ് ഗണ്യമായി കുറയ്ക്കാനും ഭൂമിഏറ്റെടുക്കുമ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാവും. തൊടുപുഴയിൽ നിന്ന് നാല് കിലോമീറ്റർ ദൂരം സഞ്ചാരിച്ചാൽ ചിറ്റൂരിൽ എത്താനാകും.പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിൽ വരുത്തണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊവിഡ്19 പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞാൽ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നത് വ്യാപാരികൾ ആണ്. കൊവിഡ് വാക്‌സിൻ വിതരണത്തിൽ വ്യപാരികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന ആവശ്യവും അസോസിയേഷൻ ഉന്നയിച്ചു.

അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, പി.അജീവ്, ടോമി സെബാസ്റ്റ്യൻ സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, ട്രഷറർ പി. ജി. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി നാസർ സൈര എന്നിവർ പങ്കെടുത്തു.