തൊടുപുഴ: അട്ടിമറിയിലൂടെ തൊടുപുഴ നഗരസഭാ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷത്തിന് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നൽകി യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ട്. ഇരു വിഭാഗവും പരസ്പരം വോട്ട് ചെയ്തതിനെ തുടർന്ന് ആകെയുള്ള ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ മൂന്നെണ്ണത്തിൽ യു.ഡി.എഫും രണ്ടെണ്ണത്തിൽ ബി.ജെ.പിയും ഭൂരിപക്ഷം നേടി. ചട്ടപ്രകാരം വൈസ് ചെയർപേഴ്‌സൺ അദ്ധ്യക്ഷയാകേണ്ട ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. മരാമത്ത്, വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ബി.ജെ.പിയും ഭൂരിപക്ഷം നേടി. ഇതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളിലെങ്കിലും ഭൂരിപക്ഷം നേടാനാകുമെന്ന എൽ.ഡി.എഫ് പ്രതീക്ഷയാണ് ഇല്ലാതായത്. അട്ടിമറിയിലൂടെ നഗരസഭാ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷത്തിന് ഇത് വലിയ തിരിച്ചടിയായി.
തിങ്കളാഴ്ച രാവിലെ 10നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയത്. ആദ്യം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പായിരുന്നു. കോൺഗ്രസിന്റെ നീനു പ്രശാന്തായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. സിജി റഷീദ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി. എൻ.ഡി.എയ്ക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. വോട്ടെണ്ണി കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ എട്ട് വോട്ടുകൾ കൂടി ചേർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 21 വോട്ട്. 14 വോട്ട് മാത്രം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. തുടർന്ന് മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ വനിതാ സംവരണ സ്ഥാനങ്ങൾക്കായി നടന്ന തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. മൂന്നിടത്ത് വീതം യു.ഡി.എഫും ബി.ജെ.പിയും ജയിച്ചു. തുടർന്ന് നടന്ന ജനറൽ സീറ്റുകളിലും യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് ചെയ്തു. അങ്ങനെ മത്സരിച്ച എല്ലാ സീറ്റുകളിലേക്കും യു.ഡി.എഫ്, ബി.ജെ.പി. കൗൺസിലർമാർ ജയിച്ചു. ആറ് അംഗങ്ങൾ വീതമുള്ള വികസനം, ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. മൂന്നു കമ്മിറ്റികളിലും നാല് യു.ഡി.എഫ് അംഗങ്ങൾ വിജയിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലും ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും രണ്ട് വീതം എൽ.ഡി.എഫ് അംഗങ്ങൾ വിജയിച്ചു. മരാമത്തും വിദ്യാഭ്യാസവുമാണ് ബി.ജെ.പി ഭൂരിപക്ഷം നേടിയ കമ്മിറ്റികൾ. ഈ രണ്ടു കമ്മിറ്റികളിലും എൻ.ഡി.എയുടെ മൂന്ന് വീതം അംഗങ്ങൾ വിജയിച്ചു. മരാമത്തിൽ രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ ഉൾപ്പെട്ടപ്പോൾ വിദ്യാഭ്യാസ കമ്മിറ്റിയിൽ ഒരെണ്ണത്തിൽ എൽ.ഡി.എഫ് വിജയിച്ചു. ഇവിടെ ഒരു ഒഴിവ് നികത്താനുണ്ട്.
ഇനി ഏഴ് ഒഴിവുകൾ
ആരും നാമനിർദേശപത്രിക നൽകാത്തതിനാൽ ധനകാര്യത്തിൽ നാലും ക്ഷേമകാര്യത്തിൽ രണ്ടും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഒന്നും ഒഴിവുകൾ നികത്താനുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 15ന് നടക്കും. ഇതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാനാകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ഇതിന് ശേഷമാകും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പുകൾ നടക്കുക.
എല്ലാവരും അംഗങ്ങളാകും
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ചട്ടമനുസരിച്ച് ചെയർമാൻ ഒഴികെയുള്ള 34 കൗൺസിലർമാരും ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അംഗമാകണം. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ആറ് അംഗങ്ങൾ വീതവും മരാമത്ത്, വിദ്യാഭ്യാസം എന്നീ കമ്മിറ്റികളിൽ അഞ്ച് അംഗങ്ങൾ വീതവുമാണ് ഉൾപ്പെടേണ്ടത്.
ഒറ്റയാനായി അബ്ദുൾകരിം
കോൺഗ്രസ്- അഞ്ച്, മുസ്ലിംലീഗ്- അഞ്ച്, ജോസഫ് വിഭാഗം- രണ്ട് എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ കക്ഷിനില. ഇതിൽ മുസ്ലിംലീഗിലെ ഒരംഗം ഒഴിച്ച് ബാക്കി എല്ലാ കൗൺസിലർമാരും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തു. മുസ്ലിംലീഗിന്റെ അബ്ദുൽ കരീമാണ് വോട്ട് ചെയ്യാത്ത അംഗം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച അബ്ദുൽ കരീമിന് ബി.ജെ.പിയുടെ വോട്ടും ലഭിച്ചില്ല. ബാക്കി എല്ലാ ലീഗ് അംഗങ്ങൾക്കും ബി.ജെ.പി. വോട്ട് ചെയ്തു.