ചെറുതോണി: സി.എച്ച്.ആർ മേഖലയിലെ കുത്തകപ്പാട്ട ഭൂമിയിൽ സാമ്പിൾ പ്ലോട്ട് സർവ്വേ നടത്താനുള്ള വനം വകുപ്പിന്റെ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇതിനായി എന്തെങ്കിലും നടപടിയുമായി വന്നാൽ സംഘടിതമായി തടയുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിച്ചു. സി.എച്ച്.ആർ മേഖല വനമാണെന്ന് സ്ഥാപിക്കുന്നതിനുള്ള വനം വകുപ്പിന്റെ നിരന്തര നീക്കത്തിന്റെ തുടർച്ചയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. കൈവശമിരിക്കുന്ന റവന്യൂ ഭൂമിയുടെമേൽ അവകാശം സ്ഥാപിക്കുന്നതിനുള്ള വനം വകുപ്പിന്റെ നീക്കം ഉപേക്ഷിക്കുന്നതിന് സർക്കാർ തലത്തിൽ ഉടൻ നടപടിയുണ്ടാകണം. സി.എച്ച്.ആർ മേഖല റവന്യു ഭൂമിയാണ്. 1985 ൽ ഈ മേഖലയിൽ പട്ടയം നല്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചപ്പോൾ ലഭിച്ച തെറ്റായ ഉപദേശങ്ങളുടെയും ധാരണകളുടെയും അടിസ്ഥാനത്തിൽ ഇത് വനമേഖലയാണെന്ന സൂചന നൽകിയിരുന്നു. ഇവിടെ വനം വകുപ്പ് സമാന്തര സർക്കാർപോലെ പ്രവർത്തിക്കുകയാണ്. തീവ്ര ജനവാസ മേഖലയായ കേരളത്തിൽ ഇനിയും വന വിസ്തൃതി കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം കപട അവകാശവാദങ്ങളും അവ സ്ഥാപിതമായുള്ള ശ്രമങ്ങളും. വനമേഖലക്കു ചുറ്റും പത്തു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ഉണ്ടാക്കാനുള്ള നീക്കം, ചിന്നാർ വന്യജീവി കേന്ദ്രം, കുമളി കടുവ സങ്കേതം ഇവ ബന്ധപ്പെടുത്തി വന്യജീവി ഇടനാഴിക്കുള്ള നീക്കം, ഉടുമ്പൻചോല കമ്മ്യൂണിറ്റി പദ്ധതിക്കുള്ള ശ്രമം, വന്യജീവികൾ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കുന്ന നയം, ഇപ്പോൾ പ്ലാമല, കുരിശുപാറ മേഖലയിൽ കൈവശ ഭൂമിയിലെ കൃഷി ദേഹണ്ഡങ്ങൾ വെട്ടി നശിപ്പിക്കുന്നതിനുള്ള നടപടി ഇവയെല്ലാം ഈ വകുപ്പിന്റെ ഗൂഢ നീക്കങ്ങൾക്ക് തെളിവാണ്. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുവദിക്കുമ്പോൾ അതിനെതിരെയും ഇവർ തടസ്സം നിൽക്കുകയാണ്. സർക്കാർ ഈ വകുപ്പിനെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ,മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, സെക്രട്ടറി ജോസഫ് കുഴിപ്പിള്ളി, നൈസ് പാറപ്പുറം, സാബു പ്ലാത്തോട്ടാനി, ജോമോൻ കിഴക്കേക്കര എന്നിവർ പറഞ്ഞു.