ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് യുഡിഎഫ് മെമ്പർമാർ റിട്ടേണിഗ് ഓഫീസറെ തടഞ്ഞുവച്ചു. ഒറ്റകൈമാറ്റ വോട്ട് എന്ന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശത്തെ മറികടന്ന് ഇഷ്ടമുള്ള ഒരാൾക്ക് വോട്ട് ചെയ്താൽ മതിയെന്ന് റിട്ടേണിഗ് ഓഫീസർ നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. യുഡിഎഫിന്റെ രണ്ടും എൽഡിഎഫിന്റെ ഒരാളും മത്സരിച്ച ഇലക്ഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പരാജയം മുന്നിൽ കണ്ടാണ് റിട്ടേണിഗ് ഓഫീസർ ഇത്തരം ഒരു നിർദ്ദേശം നൽകിയതെന്ന് യുഡിഎഫ് മെമ്പർമാർ ആരോപിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ക്ഷേമകാര്യം ആരോഗ്യം വിദ്യാഭ്യാസകാര്യം എന്നിവ യുഡിഎഫ് നേടിയപ്പോൾ ക്രമപ്രകാരം അല്ലാതെ നടത്തപ്പെട്ട വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ ജില്ലാ കലക്ടറെ സമീപിച്ചു. റോയി ജോസഫ്, സി പി സലിം, പി .ഡി .ജോസഫ്, ആൻസി സണ്ണി, സി കെ ജോയി പഞ്ചായത്ത് മെമ്പർമാരായ ടിന്റു സുഭാഷ്, വിൻസെന്റ് വെള്ളാടി, സെലിൻ വിൻസെന്റ്, ഏലിയാമ്മ ജോയി, ആലീസ് ജോസ്, അജീഷ് വേലായുധൻ കെ.കുട്ടായി എന്നിവരാണ് ജില്ലാ കളക്ടറെ സമീപിച്ചത്.