തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. തൃശൂർ മുളങ്കുന്നത്ത് കാവിലുള്ള കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തിലാണ് പരിശീലനം നൽകുന്നത്.13,14,15,16 തിയതികളിലായിട്ടാണ് പരിശീലനം. രാവിലെ 10 മുതൽ 1.30 വരെ ഗ്രാമപഞ്ചായത്ത്, 2 മുതൽ മുതൽ 5.30 വരെ ബ്ലോക്ക് നഗരസഭ ജനപ്രതിനിധികൾ എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ 52 ഗ്രാമപഞ്ചായത്തുകൾ 8 ബ്ലോക്കുപഞ്ചായത്തുകൾ, 2 നഗരസഭകൾ പരിശീലനം നൽകുന്നത്. കൊവിഡ് സാഹചര്യത്തിൽആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യത ഉപയാഗപ്പടുത്തിയാണ് പരിശീലന ശില്പശാല. അംഗങ്ങൾക്ക് സാമൂഹ്യ അകലം പാലിച്ചിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കാനും നോട്ടുകൾ കുറിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംശയങ്ങൾ ദൂരീകരിക്കാനുള്ള ക്രമീകരണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പുസ്തകങ്ങൾ, പാഡ്, പേന, ബാഗ് തുടങ്ങിയവയുടെ വിതരണം ജില്ലാ പ്ലാനിംഗ് ഓഫീസ് കേന്ദ്രീകരിച്ച് നടത്തിവരുന്നു. അനിവാര്യ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാമെന്ന വ്യവസ്ഥയോടെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയ പെൻഡ്രൈവും സെക്രട്ടറിമാർക്ക് എത്തിച്ചു നല്കുന്നുണ്ട്. ഒന്നാം ദിവസത്തെ പരിശീലന സമയത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉദ്ഘാടന സെഷൻ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം. സെക്രട്ടറി, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവരോടൊപ്പം കില റിസോഴ്‌സ് പേഴ്‌സൺസും പരിശീലനകേന്ദ്രത്തിൽ പൂർണ്ണസമയവും ഉണ്ടായിരിക്കും.

'ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സംസ്ഥാന തലത്തിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് നേരിട്ടാണ് പരിശീലനം നൽകുന്നത്. ജനപ്രതിനിധികൾ ഏവരും മുഴുവൻ സമയവും പങ്കെടുത്ത് പരിശീലനപരിപാടി പൂർണ്ണ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു '

ഡോ. സാബു വർഗ്ഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ