തൊടുപുഴ: ബി.ജെ.പിയും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യ ധാരണ തൊടുപുഴ നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നതോടെ പരസ്യമായതായി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും ഒരു മുന്നണിയായാണ് മത്സരിച്ചത്. ഇവർ തമ്മിലുള്ള വോട്ടു കൈമാറ്റം ഇതിലൂടെ വ്യക്തമാണ്. ലീഗ് ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയതോടെ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ പാർട്ടികൾ ഒരു കുടക്കീഴിൽ അണി ചേർന്നിരിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേതൃത്വം കോൺഗ്രസിനാണ്. ഈ കൂട്ടുകെട്ടിന് ജനം ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.